മോസ്കോ: പ്രതിയുടെ വീട്ടിൽ തെളിവെടുപ്പിനു പോയ പോലീസുകാരെ കാത്തിരുന്നത് ഭീമൻ മുതല. റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിലാണു സംഭവം. ക്രിമിനൽ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തിരുന്നയാളാണ് പിടിയിലായ ശേഷവും പോലീസുകാർക്കു പണികൊടുത്തത്. ഏറെനാളുകളായി പോലീസിനെ വെട്ടിച്ചു നടന്നിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ആസൂത്രിതമായി പോലീസ് വലയിലാക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതി ‘മാന്യമായ’ ചോദ്യംചെയ്യലിൽ തന്റെ വീടിന്റെ ഭൂഗർഭ അറയിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞു. ഈ മൊഴി വിശ്വസിച്ചാണു പോലീസുകാർ പ്രതിയുടെ വീട്ടിലേക്കു പോയത്. എന്നാൽ, പ്രതി പറഞ്ഞതുസരിച്ചു ഭൂഗർഭ അറയിൽ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘത്തിലെ രണ്ടു പേർ അലറിവിളിച്ചു പുറത്തേക്കോടുന്ന കാഴ്ചയാണു ബാക്കിയുള്ളവർ കണ്ടത്. കാര്യമെന്തെന്നറിയാതെ തോക്കുമായി അറയിലേക്കു ചെന്ന മറ്റു പോലീസുകാരുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
കട്ടിലിന്റെ അടിയിലായാണ് മുതലയെ പോലീസുകാർ കണ്ടെത്തിയത്. പോലീസുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മൃഗക്ഷേമ പ്രവർത്തകരാണ് ഒടുവിൽ പോലീസുകാരെ വിറപ്പിച്ച വിരുതനെ വരുതിയിലാക്കിയത്. രണ്ടു മീറ്റർ നീളമുള്ള മുതലയ്ക്ക് 80 കിലോഗ്രാമോളം ഭാരമുണ്ട്. പോലീസുകാർ തന്റെ മുതലയെ കണ്ട് ഭയന്ന് തിരിഞ്ഞോടിയ കഥ കേട്ട പ്രതിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

