അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര ഹോട്ടല്‍ സമുച്ചയത്തില്‍ ഭീകരാക്രമണം. തോക്കുകളുമായെത്തിയ നാല് ചാവേറുകളാണ് ഹോട്ടലിലെ താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അക്രമികളെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്നലെ രാത്രിയോടെയാണ് മുംബൈയില്‍ താജ് ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് സമാനമായ സാഹചര്യങ്ങള്‍ക്ക് കാബൂളില്‍ തുടക്കമായത്. രാജ്യത്തെ പ്രധാന ഹോട്ടല്‍ സമുച്ചയങ്ങളിലൊന്നില്‍ ഭീകരര്‍ നുഴഞ്ഞുകയറി താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് ചാവേറുകളാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇപ്പോഴും തുടരുകയാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അക്രമികളുടെ പക്കല്‍ തോക്കും റോക്കറ്റ് ലോഞ്ചറുകളും ഉള്ളതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് അഫ്ഗാന്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ തന്ത്രപ്രധാന സ്ഥലത്തുള്ള ഹോട്ടലില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ മൂന്നാം നിലയ്ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
