Asianet News MalayalamAsianet News Malayalam

കാശ്മീരില്‍ പിടിയിലായ ഭീകരന് പാക് സൈന്യം പരീശീലനം നല്‍കി

Terrorist Bahadur Ali
Author
Delhi, First Published Aug 10, 2016, 11:22 AM IST

ദില്ലി: കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരര്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ സഹായമെന്ന വ്യക്തമായ സൂചനയുമായി ദേശീയ അന്വേഷണ ഏജന്‍സി. അറസ്റ്റിലായ പാക് ഭീകരന്‍ ബഹാദൂര്‍ അലിക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പാകിസ്താന്‍ സേനയുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ബഹാദൂര്‍ അലിയുടെ ഏറ്റുപറച്ചിലിന്‍റെ വിഡീയോ ദില്ലിയില്‍ എന്‍.ഐ.എ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബഹാദുര്‍ അലിക്ക് ആയുധങ്ങള്‍ നല്‍കിയതിലും ആയുധ പരിശീലനം നല്‍കിയതിലും പാക് സെന്യത്തിന്റെ പങ്ക് വ്യക്തമാണെന്നും എന്‍.ഐ.എ പറയുന്നു. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്‍റെ പിന്നിലുള്ള അണിയറ നീക്കങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്നാണ് സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എ പറയുന്നത്. 

കശ്മീരിലെ നിലവിലെ സ്ഥിതിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ബഹാദൂര്‍ അലിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് എല്ലാ വിധ തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ അയാള്‍ക്ക് വിദഗ്ധ സംഘത്തില്‍ നിന്ന് പരിശീലനം ലഭിച്ചുവെന്നതിന്‍റെ തെളിവാണെന്ന് എന്‍.ഐ.എ ഐ.ജി സഞ്ജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

അലിയെ റിക്രൂട്ട് ചെയ്തത് ജമാഅത്ത് ഉദ്ദവയാണെന്നും പരിശീലനം നല്‍കിയത് ലഷ്‌കറെ തോയിബയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി. പാകിസ്താന്‍, അഫ്ഗാസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര പരിശീലന ക്യാംപുകളില്‍ 30 മുതല്‍ 50 വരെ പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അലി മൊഴി നല്‍കി. 

ചില സൈനിക ഓഫീസര്‍മാരും തങ്ങളുടെ ഒരുക്കങ്ങള്‍ പരിശോധനിക്കാന്‍ ക്യാംപുകളില്‍ എത്തിയിരുന്നു. രണ്ട് ലഷ്‌കറെ തോയിബ പ്രവര്‍ത്തകര്‍ക്കൊപ്പം ജൂണ്‍ പതിനൊന്നോ പന്ത്രണ്ടിനോ ആയിരിക്കാം ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. 

ജൂലായ് 25നാണ് അലിലെ കശ്മീരില്‍ നിന്ന് പിടികൂടിയത്. കശ്മീരിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ഏതാനും ഭീകരരെ സൈന്യം വധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios