കഴിഞ്ഞ രണ്ടു ദിവസത്തില്‍ ഇത് എട്ടാം തവണ വെടിനിറുത്തല്‍കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സേന നിയന്ത്രണ രേഖയില്‍ ഇന്നു പുലര്‍ച്ചയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. രജൗരി ജില്ലയിലെ നൗഷാരയിലെ കല്‍സിയാനില്‍ രണ്ടിടത്താണ് പാക് സേന ആക്രമണം നടത്തിയത്. വൈകിട്ട് അഖ്‍നൂര്‍ മേഖലയില്‍ നടന്ന വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റു. പഞ്ചാബിലെ തൊട്ടാഗുരുവില്‍ രവി നദിയില്‍ ഒരു പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. രാജ്സ്ഥാന്‍ അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ പറന്നതായും ബിഎസ്എഫ് വ്യക്തമാക്കി. എന്തും സംഭവിക്കാവുന്ന സ്ഥിതിയാണെന്നും കര,വ്യോമ നാവിക സേനകള്‍ തയ്യാറാണെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ വ്യക്തമാക്കി. ഭീകരവാദം മാനവരാശിയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലിസിയാന്‍ ലൂങുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.