മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന മാലികിന് നേരെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ഭീകരരാണ് വെടിയുതിർത്തത്. കുൽഗാം ചൂരത്തിലെ വീട്ടിൽവച്ചാണ് സംഭവം നടന്നത്.   

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ സൈനികനെ വെടിവച്ച് കൊലപ്പെടുത്തി. മുഖ്തർ അഹ്മദ് മാലിക് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന മാലികിന് നേരെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ഭീകരരാണ് വെടിയുതിർത്തത്. കുൽഗാം ചൂരത്തിലെ വീട്ടിൽവച്ചാണ് സംഭവം നടന്നത്.

അപകടത്തെത്തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാലികിന്റെ മകൻ ലാൻസ് നായിക് സെപ്റ്റംബർ 15നാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച മകന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് വീട്ടിൽവച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മാലിക്. അതിനിടെയാണ് ഒരു സം​ഘം ഭീകരവാദികൾ മാലികിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. 

മാലികിന്റെ സുഹൃത്തിനെ പിന്തുടർന്നാണ് ഭീകരവാദികൾ വീട്ടിലെത്തിയത്. തുടർന്ന് തോക്കിൻ മുനയിൽ നിർത്തി ഭീകരവാദികൾ മാലികിനെ ചോദ്യം ചെയ്യാൻ തുടങ്ങി. കരസേനയുടെ വിന്യസിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതലും ചോദിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. "നിനക്ക് വേണമെങ്കിൽ എന്നെ വെടിവയ്ക്കാം, പക്ഷേ എന്നോട് ചോദ്യങ്ങളൊന്നും ചോദിക്കരുത്"- എന്നായിരുന്നു ഭീകരവാദികളോട് മാലിക് 
അവസാനമായി പറഞ്ഞ വാക്കുകൾ. തുടർന്ന് ഭീകരർ മാലികിന് നേരെ വെടിയുതിർക്കുയായിരുന്നു.