ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരാക്രണം. ബാരമുള്ളയിലെ സൈനിക ക്യാംപിന് സമീപമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബാരമുള്ളയിലെ 46 രാഷ്‌ട്രീയ റൈഫിള്‍സ് സൈനിക ക്യാംപിന് പുറത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രാത്രി പത്തരയോടെയാണ് വെടിവെയ്‌പ്പ് തുടങ്ങിയത്. സൈനിക ക്യാംപിന് സമീപത്തുള്ള പബ്ലിക് പാര്‍ക്കില്‍നിന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നാണ് സംശയം. കനത്ത വെടിവെയ്‌പ്പാണ് നടക്കുന്നത്. വെടിവെയ്‌പ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കശ്‌മീരിലെ അഖ്‌നൂര്‍ സെക്‌ടറില്‍ പാക് സേന നിയന്ത്രണരേഖ ലംഘിച്ചു വെടിവെയ്പ്പ് നടത്തി. സൈനിക ക്യാംപിന് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞതായും സൂചനയുണ്ട്. ഭീകരര്‍ സൈനിക ക്യാംപിന് അകത്ത് കടന്നോയെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. നദി കടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തുന്നതെന്നാണ് സൂചന.