തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷത്തെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ മധുരം വിതരണം ചെയ്തു ജന്മദിനം ആഘോഷിക്കണമെന്നു കാണിച്ചു തച്ചങ്കരി നിര്‍ദേശം നല്‍കിയെന്നതാണു വിവാദമായത്. സംഭവത്തെക്കുറിച്ചു പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയോടു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ ഇന്നലെ ലഡു വിതരണവും കേക്ക് മുറിക്കലും നടന്നിരുന്നു. എറണാകുളത്തെ ആര്‍ടിഒ ഓഫിസ് ജീവനക്കാര്‍ക്കൊപ്പം തച്ചങ്കരിയും കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. ജന്മദിനം ആഘോഷിക്കണമെന്നു കാണിച്ചു ഗതാഗത കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. എന്നാല്‍ തച്ചങ്കരി പിന്നീട് ഇതു നിഷേധിച്ചിരുന്നു.

സര്‍വീസ് ചട്ട ലംഘനം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണു ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി നാളെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുമായി ചര്‍ച്ച നടത്തും.