തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരിയെ കെബിപിഎസ് മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഭരണസൗകര്യാര്‍ത്ഥമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അഗ്‌നിശമനസേനാ മേധാവിയുടെ ചുമതലയ്‌ക്കൊപ്പം കെബിപിഎസിന്റെ ചുമതല കൂടി വഹിക്കാനുള്ള ബുദ്ധിമുട്ട് തച്ചങ്കരി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആ പദവിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തത്. തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെബിപിഎസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
മറ്റ് ജോലികള്‍ക്കായി പോകുന്നവഴി കെബിപിഎസ് അതിഥി മന്ദിരത്തില്‍ എത്തിയ എം.വി.ജയരാജനും നളിനി നെറ്റോയും തന്റെ ക്ഷണപ്രകാരം പരാധീനതകള്‍ കാണാന്‍ മാത്രമാണ് പ്രസ് സന്ദര്‍ശിച്ചതെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ പ്രസില്‍ പരിശോധനനടത്തിയതെന്ന വാദം തെറ്റാണെന്നും തച്ചങ്കരി പറഞ്ഞു. തനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണവും ഇല്ലെന്നും തച്ചങ്കരി പറഞ്ഞു.
നേരത്തേയുള്ള യന്ത്രം തന്നെയാണ് വര്‍ഷങ്ങളായി നമ്പറിങ്ങിനായി ഉപയോഗിക്കുന്നത്. ജര്‍മനിയിലെ എക്‌സ്‌പോയില്‍ പോകുകയോ യന്ത്രം വാങ്ങാനായി ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. മണിപ്പാല്‍ പ്രസ് മടക്കിയയച്ച യന്ത്രമാണ് കെബിപിഎസില്‍ ലോട്ടറി നമ്പറിങ്ങിന് ഉപയോഗിക്കുന്നതെന്നുള്ളതും തെറ്റാണ്.
കെബിപിഎസിലെ എല്ലാ കരാറുകളും ഇ-ടെന്‍ഡര്‍ വഴിയും സുതാര്യവുമായിട്ടാണു നടത്തിയിട്ടുള്ളത്. ചൈനീസ് കമ്പനിയുടെ ഒരു യന്ത്രവും കെബിപിഎസില്‍ വാങ്ങിയിട്ടില്ല. അമേരിക്ക/യൂറോപ്പ് കമ്പനികളില്‍ നിന്നുള്ള യന്ത്രങ്ങള്‍ മാത്രമാണു വാങ്ങിയിട്ടുള്ളത്. ഒരു കരാറുകാരനു ദിവസവും കരാര്‍ തുക നല്‍കുന്നു എന്ന വാര്‍ത്ത തെറ്റാണ്.
