Asianet News MalayalamAsianet News Malayalam

തായ്‍ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ ആശുപത്രി വിട്ടു

  • 12 കുട്ടികളും കോച്ചും ആശുപത്രി വിട്ടു
Thai Cave Boys To Speak To Media So They Can Go Back To Normal Lives
Author
First Published Jul 18, 2018, 3:05 PM IST

ബാങ്കോക്ക്: വടക്കന്‍ തായ്‍ലൻഡിൽ ഗുഹയ്ക്കകത്ത് നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളേയും കോച്ചിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അല്‍പ്പസമയത്തിനകം കുട്ടികളും കോച്ചും  മാധ്യമങ്ങളെ കാണുമെന്ന് തായ് സർക്കാർ അറിയിച്ചു. 

ദിവസങ്ങളോളം നീണ്ട ആശങ്കകൾക്കൊടുവിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികളാണ് പുറത്തെത്തിയത്. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുട്ടികളെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കൾക്ക് പോലും ഒരു നിശ്ചിത അകലത്തിൽ നിന്ന് മാത്രമാണ് അവരെ കാണാൻ കഴിഞ്ഞിരുന്നത്. ദിവസങ്ങളോളം മലിന ജലത്തിന് നടുവിൽ അനാരോഗ്യകരമായ സാഹചര്യത്തിൽ കഴിഞ്ഞതിനാൽ അണുബാധ സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുൻകരുതൽ. ഈ സാഹചര്യം നീങ്ങിയതോടെയാണ് കുട്ടികളേയും കോച്ചിനേയും ഇന്ന് ഡിസ്ചാർജ് ചെയ്തത്.

 രക്ഷാപ്രവ‍ർത്തനം ലോകശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകരെ കാണാൻ അനുവദിക്കുന്നതെന്ന് തായ് സർക്കാർ വ്യക്തമാക്കി. അതേസമയം വാർത്താ സമ്മേളനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾ മാത്രമേ കുട്ടികളോട് ചോദിക്കാൻ അനുവദിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലെത്തിയാൽ ഒരു മാസം കുട്ടികളെ അഭിമുഖങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്ന് ചിയാങ് റായ് ഡെപ്യൂട്ടി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങളും.

Follow Us:
Download App:
  • android
  • ios