ലോകത്തിലെ ഏറ്റവും കർശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്‌ലൻഡ്. എന്നാൽ കൂടിയ അളവിൽ ക‍ഞ്ചാവ് കയ്യിൽ വെക്കുകയോ കടത്തുകയോ ചെയ്‌താൽ വധശിക്ഷയ്ക്ക് വിധിക്കുന്ന നിലവിലുള്ള വകുപ്പുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്.  

ബാങ്കോക്ക്: തായ്‌ലൻഡിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി സർക്കാർ. ചികിത്സയ്ക്കും ഗവേഷണത്തിനുമായി നിയന്ത്രിത അളവിൽ കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയാണ് സർക്കാർ വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ലോകത്തിലെ ഏറ്റവും കർശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്‌ലൻഡ്. എന്നാൽ കൂടിയ അളവിൽ ക‍ഞ്ചാവ് കയ്യിൽ വെക്കുകയോ കടത്തുകയോ ചെയ്‌താൽ വധശിക്ഷയ്ക്ക് വിധിക്കുന്ന നിലവിലുള്ള വകുപ്പുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്.

1930വരെ വേദനസംഹാരിയായും തളർച്ചയ്ക്കുള്ള മരുന്നായും തായ്‌ലൻഡിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നു. 1979ലെ നാർക്കോട്ടിക് ആക്ട് പ്രകാരമാണ് തായ്‌ലൻഡിൽ മയക്കുമരുന്നിന്റെ ഉപയോഗം നിർത്തലാക്കിയത്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് വ്യാഴാഴ്ച പാർലിമെന്റിൽ പാസായത്. പുതുവത്സര അവധിക്ക് മുമ്പ് ബില്ലുകൾ കൈകാര്യം ചെയ്യുന്നതിനായി ചേർന്ന പാർലിമെന്റ് യോഗത്തിലായിരുന്നു തീരുമാനം. തായ് ജനതയ്ക്കുള്ള ഒരു പുതുവർഷ സമ്മാനമാണ് നിയമസഭയിൽ പാസാക്കിയതെന്ന് കരട് കമ്മറ്റി അധ്യക്ഷൻ സോംകി സവാങ്കാർൺ പറഞ്ഞു. 

എന്നാൽ തായ്‌ലൻഡ് വിപണികളിൽ കഞ്ചാവ് വിൽപന സാധ്യമാക്കണമെന്ന നിരന്തര അഭ്യർത്ഥനയുമായി സമീപിക്കുന്ന വിദേശ കമ്പനികളാണ് ഇതോടെ സർക്കാരിനെ കുഴപ്പത്തിലാക്കുന്നത്. കഞ്ചാവ് വിൽക്കുന്നതിന് വിദേശ കമ്പനികളെ അനുവദിക്കുന്നത് രോഗികൾക്കും ഗവേഷകർക്കും കഞ്ചാവ് ലഭ്യമാകുന്നതിന് വളരെ പ്രയാസകരമാകാൻ കാരണമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മരിജുവാന നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് തായ്‌ലൻഡിൽ ഇപ്പോഴുള്ള പ്രധാന വിവാദം, അതുമായി ബന്ധപ്പെട്ടുള്ള വിദേശ കമ്പനികളുടെ പേറ്റന്റ് അപേക്ഷകളാണ്. ഈ അപേക്ഷകൾ അനുവദിക്കപ്പെട്ടാൽ മെഡിക്കൽ മരിജുവാനാ വിപണിയിൽ വിദേശ കമ്പനികളുടെ ആധിപത്യമുണ്ടാവാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ മെഡിക്കൽ ആവശ്യങ്ങൾക്കായി മരിജുവാന വാങ്ങാൻ നാട്ടുകാരായ രോഗികൾക്കും, ഗവേഷണാവശ്യങ്ങൾക്കായി മരിജുവാനാ സത്ത് വാങ്ങാൻ സ്വദേശിഗവേഷകർക്കോ പ്രയാസമുണ്ടാവും. ഇതൊഴിവാക്കാനായി, ഈ നിയമം നിലവിൽ വരുന്നതിന് മുമ്പ് തന്നെ, ഇത്തരത്തിലുള്ള എല്ലാ പേറ്റന്റ് അപേക്ഷകളും നിർബന്ധമായും തള്ളണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് റാങ് സിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ & ആന്റി ഏജിംഗ് ' ഡീൻ പന്തെപ് പൂപൊങ്ക്പാൻ പറഞ്ഞു.

ലോകത്ത് പലരാജ്യങ്ങളിലും ഇന്ന് കഞ്ചാവിന്റെ ഉപഭോഗം നിയമവിധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണികളിലൊന്ന് കാനഡയാണ്. പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയുടെ 2015ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു കാനഡയിൽ പാലിക്കപ്പെട്ടത്. 

കൊളംബിയയിലാവട്ടെ, സുപ്രീം കോടതിയാണ് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വ്യക്തിപരമാ‍യ ആവശ്യത്തിന് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് പ്രഖ്യാപിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ, മയക്കുമരുന്നിന് ഒരാള്‍ അടിമപ്പെടുന്നത് ഇയാളെ രോഗങ്ങളിലേക്ക് നയിക്കും. ഇങ്ങനെ അടിമപ്പെടുന്നവരെ ശിക്ഷിക്കുന്നതിന് പകരം അവരെ ചികിത്സയ്ക്ക് വിധേയരാക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു. 

അതേസമയം, തെക്കുകിഴക്കൻ ഏഷ്യയിലെ മിക്ക ഭാഗങ്ങളും മയക്കുമരുന്ന് നിയമവിരുദ്ധമായി തുടരുകയാണ്. മയക്കുമരുന്ന് നിയമലംഘനത്തിനുള്ള ലോകത്തിലെ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളും തെക്കുകിഴക്കൻ ഏഷ്യയിൽ‌ തന്നെയാണ്. ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.