തൃശൂര്‍: കടുംചുവപ്പിന്റെ അഴകുള്ള അപൂര്‍വ്വ ചെമ്മീനുകള്‍ ഒരുമിച്ചു തീരത്തണയുന്ന കാഴ്ച കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ചക്കാണ് ചാവക്കാട് മുനയ്ക്കകടവ് തീരം സാക്ഷിയായത്. ചെഞ്ചോര നിറത്തിലുള്ള തക്കാളി പുല്ലന്‍ ചെമ്മീന്‍ നിറച്ച ബോട്ടുമായി മത്സ്യതൊഴിലാളികള്‍ കഴിഞ്ഞ ദിവസം തീരത്തണഞ്ഞപ്പോള്‍ കാണാനായി ഒഴുകിയെത്തിയത് ആയിരങ്ങള്‍.
ഇന്ത്യന്‍ തീരത്ത് അത്യപൂര്‍വമായ മാത്രം കാണുന്ന മത്സ്യഇനമാണ് തക്കാളി ചെമ്മീന്‍. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാണ് ഇവയുടെ ചാകരക്കാലം. മറ്റ് ചെമ്മീന്‍ ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായി കടുംചുവപ്പുനിറമാണ് ഇവയുടേത്. കരയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയില്‍നിന്ന് പൂവാലന്‍, കരിക്കാടി തുടങ്ങിയ ചെമ്മീന്‍ ഇനങ്ങള്‍ ഹാര്‍ബറില്‍ പതിവാണ്. എന്നാല്‍ തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കാന്‍ ആഴക്കടലില്‍ പോകണം.

ബേപ്പൂരില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. കുളച്ചല്‍ സ്വദേശിയായ ഡെന്‍സ്റ്റന്റെ ബോട്ടിലെ തൊഴിലാളികള്‍ ആഴ്ചകളോളം ഉള്‍കടലില്‍ തമ്പടിച്ചാണ് നിറയെ തക്കാളി ചെമ്മീനുമായി തിങ്കളാഴ്ച ഹാര്‍ബറിലെത്തിയത്. സാധാരണയായി മുനയ്ക്കക്കടവ് ഹാര്‍ബറില്‍ ഈ ചെമ്മീന്‍ എടുക്കാറില്ല. ഇവിടത്തുകാര്‍ക്ക് ഇതിന്‍റെ രുചിയോടുള്ള താത്പര്യക്കുറവു കാരണമാണ് ഇത്.
എന്നാല്‍ അഴീക്കോട് മുനമ്പത്തും കൊല്ലത്തും തക്കാളി ചെമ്മീന്‍ ഇഷ്ടവിഭവമാമണ്. അതിനാല്‍ കടലില്‍ വച്ചുതന്നെ കച്ചവടമായി. കിലോയ്ക്ക് 180 രൂപ നിരക്കില്‍ ലേലത്തിനാണ് ചെമ്മീന്‍ വിറ്റുപോയത്. തുടര്‍ന്നാണ് മുനക്കകടവ് ഹാര്‍ബറില്‍ ഇറക്കിയത്.

അപൂര്‍വ കാഴ്ചയുമായി തക്കാളി പുല്ലന്‍ ചെമ്മീന്‍ എത്തിയതറിഞ്ഞ് ഹാര്‍ബറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ തടിച്ചുകൂടി. അടുത്തകാലത്തൊന്നും കടുംനിറത്തിലുള്ള ഈ ചെമ്മീന്‍ ഹാര്‍ബറിലെത്തിയിട്ടില്ലെന്ന് പരിസരവാസികളും തൊഴിലാളികളും പറയുന്നു.

