കാസര്‍കോട്: ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ചില്ല. ഉപാധികളോടെ തുറന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്തെ കെസിസിപിഎല്‍ ഖനനപ്രദേശം നാട്ടുകാര്‍ വീണ്ടും താഴിട്ടുപൂട്ടി. സമരം സംബന്ധിച്ച് നാട്ടുകാര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന ഉറപ്പ് ലംഘിച്ചതിനെതുടര്‍ന്നാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാരുടെ സംഘം ഖനന പ്രദേശം വീണ്ടും പൂട്ടിയത്.

തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുന്നുവെന്നും ഖനനം നടത്താനല്ല, വൈവിധ്യവത്ക്കരണമാണ് ലക്ഷ്യമെന്നും പഞ്ചായത്തിനെയും ജനങ്ങളേയും കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തിയാണ് ഖനന പ്രദേശം തുറക്കാന്‍ അന്ന് അനുവദിച്ചത്. ഈ സമയം സമരവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന നിബന്ധനയും കെസിസിപിഎല്‍ അധികൃതര്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് കമ്പനി നല്‍കിയ എല്ലാ കേസുകളും പിന്‍വലിച്ചു.

എന്നാല്‍ ട്രേഡ് യൂണിയനുകള്‍ കേസ് പിന്‍വലിക്കാന്‍ ഇതുവരെയും തയ്യാറായില്ല. സമരം നടക്കുന്ന സമയത്ത് കെസിസിപിഎല്ലിലെ തൊഴിലാളികള്‍ വിശദീകരണവുമായി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ ജാഥ നെല്ലിയടുക്കത്ത് വച്ച് സമരാനുകൂലികളില്‍ ചിലര്‍ തടഞ്ഞിരുന്നു. ഈ കേസാണ് നിലവില്‍ തുടരുന്നത്. 

മാത്രമല്ല, ശനിയാഴ്ച നടന്ന കേസില്‍ പരാതിക്കാരാരും കോടതിയില്‍ ഹാജരായതുമില്ല. ഇതാണ് സമരസമിതി അംഗങ്ങളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഏഴരയോടെ പഞ്ചായത്ത് പ്രസിഡന്റ എ.വിധുബാല, പഞ്ചായത്ത് സര്‍വ്വകക്ഷി ജനകീയ സമരസമിതി കണ്‍വീനര്‍ ഒ.എം. ബാലകൃഷ്ണന്‍, ട്രഷറര്‍ കെ.കെ. നാരായണന്‍, എന്‍.പുഷ്പരാജന്‍, എസ്.കെ. ചന്ദ്രന്‍, ഒ. ഗോവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഖനി താഴിട്ട് പൂട്ടുകയും തൊഴിലാളികളെ മടക്കിയയക്കുകയുമായിരുന്നു.