കണ്ണൂര്‍: തളിപ്പറമ്പ് സ്വത്തുതട്ടിപ്പുകേസില്‍ അഭിഭാഷകയ്‌ക്കെതിരെ ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും രംഗത്ത്. ബാലകൃഷ്ണന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അഭിഭാഷകയുടെ പ്രവര്‍ത്തികള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബാംഗങ്ങള്‍ ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു. അതേസമയം തൃച്ഛംബരത്തെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ വന്നയാളെ ഷൈലജ ഭീഷണിപ്പെടുത്തുന്ന ഫോണ്‍സംഭാഷണവും പുറത്തുവന്നു.

തങ്ങള്‍ക്കുകൂടി അവകാശമുള്ള ഭൂമിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് മരിച്ച ഡെപ്യൂട്ടി രജിസ്റ്റാര്‍ ബാലകൃഷ്ണന്റെ ജ്യേഷ്ഠനായ കുഞ്ഞിരാമന്റെ രണ്ടുമക്കളും തൃച്ഛംബരത്തെത്തിയത്. ഇവര്‍ രണ്ടുപേരും കേരളത്തിനുപുറത്താണ് താമസം. തങ്ങള്‍ അവസാനമായി കാണുന്നതുവരെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അഭിഭാഷക നടത്തിയ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബാംഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷൈലജയെ ഇനിയും അറസ്റ്റ് ചെയ്യാത്തത് സംശയകരമാണെന്നും ഇവര്‍ ആരോപിച്ചു.

ഇവര്‍ അടുത്തദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ കാണുന്നുണ്ട്. അതേസമയം തൃച്ഛംബരത്തെ ഭൂമിയിലെ മരങ്ങള്‍ ബാലകൃഷ്ണന്റെ സഹോദരന്‍ രമേശനില്‍നിന്നും വിലകൊടുത്തുവാങ്ങിയ തളിപ്പറമ്പ് സ്വദേശിയെ ഷൈലജ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നു. ഈ സ്ഥലം തന്റേതാണെന്നും രമേശന് ഭൂമിയില്‍ യാതൊരു അവകാശമില്ലെന്നുമാണ് ഷൈലജ ഫോണ്‍സംഭാഷണത്തില്‍ പറയുന്നത്.

ഇങ്ങനെ തൃച്ഛംബരത്തെ ഭൂമിയില്‍ നടത്തിയ കൈയേറ്റം ചൂണ്ടിക്കാട്ടിയവരെ ഷൈലജ പോലീസ് മുഖാന്തിരം നിരന്തരം ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഏതായാലും ബാലകൃഷ്ണന്റെ കുടുംബാംഗങ്ങള്‍തന്നെ രംഗത്തെത്തിയതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.