കോഴിക്കോട്: താമരശേരി ചുരത്തിലെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് താമരശേരി താലൂക്ക് ഓഫീസില്‍ വിളിച്ച പ്രത്യേക യോഗത്തിന് ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരത്തിലെ പാര്‍ക്കിംഗ് നിരോധനം നടപ്പിലാക്കിയതില്‍ വീഴ്ച പറ്റിയെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു.
വാഹന നിയന്ത്രണത്തിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ചുരത്തിലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം റോഡ് റീ ടാറിംഗ് ചെയ്യും. ഒരു മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചുരം റോഡ് വീതി കൂട്ടുന്നതിനായുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഒരു ഹെക്ടറോളം വനഭൂമി റോഡ് വീതി കൂട്ടാന്‍ ആവശ്യമുണ്ട്. ഇതിനായുള്ള വനം വകുപ്പിന്റെ അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നാലും അഞ്ചും മണിക്കൂര്‍ വീതമാണ് താമരശേരി ചുരത്തില്‍ വാഹന ഗതാഗതം തടസപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്. റവന്യൂ, വനം, പി.ഡബ്ലു.ഡി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
