തകർന്ന റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ ഏകദേശം മൂന്ന് മാസം വേണ്ടി വരും
കോഴിക്കോട്: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി താമരശ്ശേരി ചുരം ഞായറാഴ്ച്ച തുറന്നു കൊടുക്കും. വലിയ വാഹനങ്ങളെ അടക്കം ഞായറാഴ്ച്ച മുതൽ ചുരത്തിലൂടെ കടത്തി വിടുമെന്ന് കോഴിക്കോട് കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.
ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയതിനാല്‍ കഴിഞ്ഞ പതിനേഴിനാണ് താമരശ്ശേരി ചുരം റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഒരു ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞിരുന്നു. റോഡ് ഇടിഞ്ഞതിന് ശേഷവും ഒരു വഴിയിലൂടെ വാഹനം കടത്തി വിട്ടു. എന്നാൽ ഗതാഗത തടസ്സം ഉണ്ടായി റോഡ് പണി നടക്കാതെ വന്നപ്പോഴാണ് നിരോധിച്ചത്.
ഗതാഗതം പുനസ്ഥാപിക്കാനായി വനം വകുപ്പിന്‍റെ ഭൂമി താൽക്കാലികമായി ഏറ്റെടുത്തു. ഇതിന്‍റെ ടാറിംഗ് പണികൾ പൂർത്തിയാകുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം തകർന്ന റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ ഏകദേശം മൂന്ന് മാസം വേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ചുരം റോഡിന്‍റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി തര്‍ക്കമുണ്ടന്ന പ്രചരണം മന്ത്രി തള്ളി. കുറ്റ്യാടി ചുരം വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ വയനാട്ടിലേക്കും തിരിച്ചും പോകുന്നത്. ഇത് പൊതുജനങ്ങൾക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാക്കുന്നുണ്ട്.
