ദില്ലി: റയാന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം സിബിഐ അന്വേഷണിക്കണമെന്ന് നിര്‍ബന്ധം പിടിച്ച മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ഭാര്യ. ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൊലപാതകത്തിന്‍റെ പേരില്‍ ഇന്നലെയാണ് സിബിഐ അറസ്റ്റ് ചെയ്യുന്നത്.

തങ്ങള്‍ വളരെ പാവപ്പെട്ടവരായത് കൊണ്ട് തങ്ങളുടെ തലയില്‍ കൊലപാതക കുറ്റം കെട്ടിവയ്ക്കുക എളുപ്പമായിരുന്നു എന്നും അത് മാത്രമാണ് പൊലീസും മാനേജ്മെന്‍റും ചെയ്തതെന്നും ഭാര്യ മമത ആരോപിച്ചു. സിബിഐ അന്വേഷണത്തിന് നിര്‍ബന്ധം പിടിച്ച പ്രദ്യൂമ്നിന്‍റെ മാതാപിതാക്കളെ നേരില്‍ കാണണമെന്നും നന്ദി പറയണമെന്നും മമത പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ ബസ് കണ്ടക്ടര്‍ക്ക് അനുകൂലമായ മറുപടിയുമായി പ്രദ്യൂമ്നിന്‍റെ മാതാപിതാക്കളും എത്തി. അശോക് കുമാര്‍ അല്ല ഈ കൃത്യം ചെയ്തതെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്

ഗുഡ്ഗാവിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഇന്നലെ രാത്രിയാണ് ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യൂമ്നനെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കാണപ്പെടുകയായിരുന്നു.