മുംബൈ: പ്രഭാത സവാരിക്കിടെ മദ്ധ്യവയസ്കന്‍ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. 46 കാരനായ രാംജി ശര്‍മ്മയെ മുന്‍ കാമുകിയും അവരുടെ ഇപ്പോഴത്തെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മുന്‍കാമുകി സുമാരി യാദവിനെയും (45) ടാക്‌സി ഡ്രൈവറായ ഇവരുടെ കാമുകന്‍ ജയപ്രകാശ് ചൗഹാനും (32) അറസ്റ്റിലായി. ഭര്‍ത്താവും അഞ്ച് മക്കളുമുള്ള സുമാരി യാദവിന് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രഭാത സവാരിക്കിടെയാണ് കാറിടിച്ച് രാംജി ശര്‍മ്മ കൊല്ലപ്പെട്ടത്. ഒരു മാസത്തോളം പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. ജയപ്രകാശ് ചൗഹാനായിരുന്നു അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്നത്. സാധാരണ വാഹനാപകടമെന്ന് കരുതിയെങ്കിലും സംശയങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. മുന്‍ കാമുകനായ രാംജി ശര്‍മ്മയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സുമാരി യാദവ് പറഞ്ഞു. ഇതിനായി പുതിയ കാമുകന്റെ സഹായം തേടുകയായിരുന്നു. കേസില്‍ പിതാവിന്റെ മുന്‍ കാമുകിയുടെ ഇടപെടല്‍ ശര്‍മ്മയുടെ മകന്‍ സംശയിച്ചതാണ് സംഭവം കൊലപാതകമെന്നതിലേക്ക് വെളിച്ചം വീശിയത്.
പഴയ കിടപ്പറ രഹസ്യങ്ങളുടെ പേരില്‍ രാംജി ശര്‍മ്മ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് സുമാരി യാദവ് ജയപ്രകാശ് ചൗഹാനോട് ആവശ്യപ്പെട്ടത്. രാംജിയെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കൊലപ്പെടുത്തായിരുന്നു ജയപ്രകാശ് തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ നവംബര്‍ 18ന് നടക്കാന്‍ പോയപ്പോള്‍ ശര്‍മ്മയെ കാറിടിച്ച് വീഴ്ത്തി. തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയും ചെയ്തു. ഒരു മാസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശര്‍മ്മ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. സാധാരണ വാഹാനാപകടം എന്ന നിലയിലായിരുന്നു തുടക്കത്തില്‍ പൊലീസ് കേസ് അന്വേഷിച്ചത്. എന്നാല്‍ അപകടത്തിന് ശേഷം ഉടനെ തന്നെ ജയപ്രകാശ് കാര്‍ റിപ്പയര്‍ ചെയ്തത് സംശയത്തിന് വഴിവെച്ചു. ഇതിന് പുറമെ ശര്‍മ്മയുടെ മകന്റെ മൊഴിയും നിര്‍ണ്ണായകമായി. പഴയ കാമുകിയുമായി ശര്‍മ്മ ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നും എന്നാല്‍ അപകടത്തിന് തൊട്ട് മുന്‍പ് അദ്ദേഹം കോപത്തോടെ സംസാരിക്കുന്നത് കേട്ടുവെന്നുമാണ് മകന്‍ പൊലീസിനോട് പറഞ്ഞത്.
സംഭവങ്ങളില്‍ കൊലപാതകത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് തോന്നിയതോടെ പൊലീസ് അപകടമുണ്ടാക്കിയ കാര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനോടകം തന്നെ കാര്‍ റിപ്പയര്‍ ചെയ്ത് ജയപ്രകാശ് പഴയപടിയാക്കിയിരുന്നു. ഇതിന് പുറമെ കാറില്‍ റിയര്‍ വ്യൂ മിറര്‍, പുതിയ ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുകയും പെയിന്റ് ചെയ്യുകയും ചെയ്തു. ഇതോടെ കൂടുതല്‍ സംശയിച്ചു. ജയപ്രകാശിന്റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ ശര്‍മ്മയുമായി അപകടം നടന്ന ദിവസം രാവിലെ പോലും ഇയാള്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. സുമാരി യാദവുമായും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് സംഭവം ആസൂത്രിത കൊലപാതകമാവാമെന്ന് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് സുമാരിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇവര്‍ പലതവണ മൊഴിമാറ്റി പറഞ്ഞു. തെളിവുകള്‍ നിരത്തി പൊലീസ് ഓരോ സംഭവങ്ങളും വിവരിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പഴയ ബന്ധത്തിലെ കാര്യങ്ങള്‍ പറഞ്ഞ് ശര്‍മ്മ പതിവായി ശല്യം ചെയ്യുമായിരുന്നുവെന്നാണ് സുമാരി പറഞ്ഞത്. ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്ക് പോകുമ്പോള്‍ പോലും ശര്‍മ്മ പിന്തുടരാന്‍ തുടങ്ങിയതോടെയാണ് പുതിയ കാമുകനായ ചൗഹാനെ ഉപയോഗിച്ച് ഇയാളെ കൊല്ലാന്‍ തീരുമാനിച്ചത്. ശര്‍മ്മയുടെ പ്രഭാത സവാരി കുറച്ച് ദിവസം നിരീക്ഷിച്ച ശേഷം ജയപ്രകാശ് ചൗഹാന്‍ ഇയാളെ കാറിടിച്ച് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും നവംബര്‍ 18ന് അത് നടപ്പാക്കുകയുമായിരുന്നു.
