മലപ്പുറം: താനൂര്‍ തീരദേശമേഖലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സംഘര്‍ഷങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കാനുള്ള കാരണം ഇതു തന്നെയാണ്. 2006 മുതല്‍ ഇതുവരേക്ക് 374 കേസുകളാണ് പിൻവലിക്കപ്പെടുകയോ ഒത്തുതീര്‍പ്പാവുകയോ ചെയ്തിട്ടുള്ളത്. അക്രമികളെ സംരക്ഷിക്കാൻ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ് ഈ ഒത്തുകളി നടത്തുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി

എന്തുകൊണ്ടാണ് താനൂരിൻറെ തീരദേശമേഖലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ചെറിയ സംഭവങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളായി മാറുന്നത് എങ്ങനെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമന്വേഷിച്ച ഞങ്ങള്‍ക്ക് കിട്ടിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2006 മുതല്‍ 2013 വരെ താനൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സിപിഎം-ലീഗ് അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ എണ്ണം 307 ആണ്.

ഇതിലൊന്നിലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. ഇതില്‍ 168 എണ്ണം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തി. 139 കേസുകളില്‍ സാക്ഷികളെ സ്വാധീനിച്ച് മൊഴിമാറ്റി. ഇതിനൊക്കെ പുറമെ 2006 മുതല്‍ 2011 വരെയുള്ള അച്യുതാനന്ദന്‍റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് 32 കേസുകള്‍ പിൻ വലിച്ചു.

പിന്നാലെ വന്ന ഉമ്മൻചാണ്ടി സര്‍ക്കാര്‍ 35 കേസുകളും പിൻവലിച്ചു. കേസുകള്‍ പിൻവലിക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫും യുഡിഎഫും കാണിക്കുന്ന ഈ ഒത്തുതീര്‍പ്പുരാഷ്ട്രീയം തന്നെയാണ് താനൂരിലെ അക്രമങ്ങള്‍ ആവര്‍ത്തിക്കാൻ കാരണം. 2014 മുതല്‍ ഈ സമയം വരേക്കും സിപിഎം ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായി 44 കേസുകളാണ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന ഈ കേസുകളുടെ ഭാവിയും ഈ സാഹചര്യത്തില്‍ മറ്റൊന്നാകാൻ വഴിയില്ല.