തിരുവനന്തപുരം: യു ഡി എഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സേ നോ ടു ഹര്‍ത്താലെന്ന ട്വീറ്റുമായി വി ഡി സതീശനും ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധമെന്ന് റീ ട്വീറ്റ് ചെയ്ത് ശശി തരൂരും രംഗത്തെത്തി. അതേസമയം ഹര്‍ത്താലിന് താനിപ്പോഴും എതിരാണെന്നും തീരുമാനമെടുത്തത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു.
യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന പിന്നാലെ ഇന്നലെ രാത്രി തന്നെ കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശന്‍ എതിരഭിപ്രായം രേഖപ്പെടുത്തി. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന നിലപാട് പരസ്യമാക്കിയത് ട്വിറ്ററിലൂടെ. തൊട്ടുപിന്നാലെ വിമര്‍ശനവുമായി എത്തിയത് ശശി തരൂര്‍ എം പി. ഹര്‍ത്താലിനെതിരായ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ കെ പി സി സി അധ്യക്ഷനാകണം. സാമൂഹ്യ വിരുദ്ധമാണ് ഹര്‍ത്താലുകളെന്നും തരൂര്‍. ഹര്‍ത്താലിനെതിരെ സത്യഗ്രഹം നടത്തിയ എം എം ഹസ്സന്‍ കെ പിസിസി പ്രസിഡണ്ടായിരിക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.
