Asianet News MalayalamAsianet News Malayalam

'മോദി സ്തുതി'യില്‍ മറുപടിയുമായി തരൂര്‍, വിശദീകരണമാവശ്യപ്പെട്ട് കെപിസിസി; വിവാദം ഒഴിയുന്നില്ല

ഇങ്ങനെയൊരു നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയാതെ പരസ്യമായിക്കയത് എന്ത് കൊണ്ടാണെന്നും വിശദീകരക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

THAROOR RETAINS HIS STAND KPCC DEMANDS EXPLANATION
Author
Trivandrum, First Published Aug 27, 2019, 6:01 PM IST

തിരുവനന്തപുരം: മോദി സ്തുതി വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍. തന്‍റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുവായിരുന്നുവെന്ന് തരൂർ വിശദീകരിക്കുന്നു. മോദിക്കെതിരെ ക്രിയാത്മക വിമര്‍ശനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി. നിലപാട് വിശദീകരിച്ച് കൊണ്ട് ദി പ്രിന്റ് എന്ന് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനം തരൂർ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതിനിടെ തരൂരിനോട് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടു. 

ഇങ്ങനെയൊരു നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയാതെ പരസ്യമായിക്കയത് എന്ത് കൊണ്ടാണെന്നും വിശദീകരക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

നരേന്ദ്രമോദിയുടെ എല്ലാ കാര്യങ്ങളും എതിർക്കാതെ പ്രധാനപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുത്ത് പ്രതികരിക്കുകയാണ് വേണ്ടതെന്ന നിലപാടിൽ തരൂർ ഉറച്ച് നിൽക്കുന്നു. മോദിയുടെ നല്ല തീരുമാനങ്ങളെ അംഗീകരിക്കുകയും തെറ്റായ തീരുമാനങ്ങളെ എതിർക്കുകയും ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് വിശ്വാസ്യതയുണ്ടാകുകയുള്ളൂ എന്ന് തരൂർ ആവ‌ർത്തിക്കുന്നു. 

സോണിയാഗാന്ധിക്ക് കത്തെഴുതിയ ടിഎൻ പ്രതാപനും മറ്റു നേതാക്കളും ബ്രേക്കിംഗ് ന്യൂസിനപ്പുറം ഒന്നും വായിച്ചിട്ടില്ലെന്നും. മോദി സർക്കാരിന് കോട്ടങ്ങളാണ് കൂടുതലെന്നും തരൂർ വിശദീകരിക്കുന്നു. എന്നാൽ ജനപിന്തുണയ്ക്ക് ഇടയാക്കുന്ന നേട്ടങ്ങൾ പഠിച്ചാലേ കോൺഗ്രസിനും വോട്ട് നേടാനാകൂവെന്ന് ആവർത്തിക്കുന്ന തരൂർ മോദിയെ മോശമായി ചിത്രീകരിക്കരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മോദിയോടും ആർഎസ്എസിനോടുമുള്ള തന്‍റെ നയം പരിശോധിച്ചാണ് ജനം മൂന്നുതവണ വിജയിപ്പിച്ചതെന്നും കൂടി പറയുന്നതോടെ കെപിസിസിയുടെ കണ്ണുരുട്ടൽ വേണ്ടെന്ന സന്ദേശമാണ് ലേഖനത്തിൽ തരൂർ നൽകുന്നത്.

കെ മുരളീധരനെതിരെയും മറുപടിയിൽ പരാമര്‍ശമുണ്ട്. പാർട്ടി തന്നോട് പാർട്ടി വിട്ട് ബിജെപിയില്‍ ചേരണമെന്ന പറഞ്ഞയാൾ തിരിച്ചെത്തിയത്  8 വർഷം മുമ്പാണെന്ന് തരൂർ ഓർമ്മിപ്പിക്കുന്നു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്നും കോൺഗ്രസിന്‍റെ ചെലവില്‍ അതുവേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രസ്താവന.  മോദി കെട്ടിയ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരും തരൂരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ശശി തരൂരിന്‍റെ പ്രസ്താവയെ തള്ളി രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ജനങ്ങൾക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് അദ്ദേഹം പിന്തുടരുന്നത്. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്ക് എതിരായ പോരാട്ടം കോൺ​ഗ്രസ് തുടരുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെട്ടത് ഇതിന് പിന്നാലെയാണ് ശശി തരൂര്‍ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തിയത്. 

ചിദംബരം അറസ്റ്റിലായതിന് പിന്നാലെ കേസ് പേടിച്ചാണ് തരൂരിൻറെ മോദി സ്തുതിയെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ഈ വിമർശനത്തോട് ചേർന്ന് നില്ക്കുന്ന നിലപാട് സ്വീകരിച്ചാണ് കെപിസിസി തരൂരിനെതിരെ നടപടിക്കൊരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios