ദമാസ്കസ്: സിറിയയിലെ അലപ്പോയില്‍ പോരാട്ടത്തിന് അവസാനം. നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തെന്ന് സിറിയന്‍ സൈന്യം അറിയിച്ചു. അലപ്പോയില്‍ കൂട്ടക്കൊലയാണ് നടന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. നാളുകള്‍ നീണ്ട രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് അലപ്പോയുടെ നിയന്ത്രണം പൂ‍ര്‍ണമായി സൈന്യത്തിന്റെ പക്കലായത്.

നഗരത്തില്‍ അവശേഷിക്കുന്ന തീവ്രവാദികള്‍ കീഴടങ്ങുകയോ നാട് വിട്ട് പോവുകയോ ചെയ്യുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു.  ഇക്കാര്യം വിമത കേന്ദ്രങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നഗരത്തില്‍ വെടിയൊച്ചകളില്ലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.  നാല് വര്‍ഷത്തോളമായി അലപ്പോയുടെ നിയന്ത്രണത്തിനായി സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടന്നുവന്നത്.

അതേസമയം, സിറിയന്‍ സൈന്യം അലപ്പോയില്‍ കൂട്ടക്കൊലയാണ് നടത്തിയതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. വീടുകളില്‍ അതിക്രമിച്ചു കയറി കുട്ടികളും സ്‌ത്രീകളുമുള്‍പ്പെടെയുള്ളവരെ നിഷ്‌ഠുരമായി കൊന്നൊടുക്കുകയായിരുന്നു എന്നാണ് ആരോപണം. തെരുവുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍  മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് കാണാം. കിഴക്കന്‍ അലപ്പോയില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഇപ്പോഴുമുണ്ട്. വിമതര്‍ പരാജയം സമ്മതിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ഹള്‍ കാര്യക്ഷമമാക്കാമെന്ന പ്രതീക്ഷയിയാണ് റെഡ്ക്രോസ് അടക്കമുള്ള സംഘടനകള്‍.