എറണാകുളം: വടയമ്പാടിയില്‍ ജാതി മതില്‍ വിരുദ്ധ സമിതിയുടെ സമരപ്പന്തല്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ന്യൂസ് പോര്‍ട്ട് റിപ്പോര്‍ട്ടര്‍ അഭിലാഷ് പടച്ചെരിയെയും ഡെക്കാന്‍ ക്രോണിക്കല്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാലിനെയും കെപിഎംഎസ് പ്രവര്‍ത്തകന്‍ ശശിധരനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ കൂടെ അറസ്റ്റ് ചെയ്ത മറ്റ് ഏഴുപേരെ ഇന്നലെ വൈകീട്ട് പത്തുമണിയോടെ വിട്ടയക്കുകയായിരുന്നു.

ഐപിസി 353 പ്രകാരവും കേരള പൊലീസ് ആക്റ്റ് 117 E പ്രകാരവുമാണ് മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചെരിക്കെതിരെയും അനന്തു രാജഗോപാലിനെതിരെയും ശശിധരനെതിരെയും പൊലീസ് കേസെടുത്തിട്ടുള്ളത്. പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസ്. ഇവരെ ഞായറാഴ്ച വൈകീട്ട് പിറവത്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് ജുഡീഷ്യല്‍ കസ്റ്റഡി വാങ്ങിയത്. മാവേയിസ്റ്റെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന്‍ തുടങ്ങി.