മുണ്ടും മേല്‍മുണ്ടായി ഉറുമാലുമാണ് വേഷം. കൈയില്‍ അന്തിത്തിരിയന്റെ അധികാരദണ്ഡും ഓലക്കുടയും നിര്‍ബന്ധം. 

കാസര്‍കോട്: ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും പിന്തുടരുന്ന നാടാണ് വടക്കന്‍ കേരളം. ഒരിക്കല്‍ അള്ളട സ്വരൂപത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് ജില്ലയിലെ നീലേശ്വരം, നീലായില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം ആചാരമംഗലം എന്ന ചടങ്ങ് വീണ്ടും നടന്നു. 

മംഗലം എന്നാല്‍ വിവാഹം. ആചാരമംഗലം എന്നാല്‍ വിവാഹവുമായി പുലബന്ധമില്ലാത്ത ഒരു ആചാരമാണ്. ആചാരമംഗലം ചടങ്ങ് കഴിഞ്ഞയാളാണ് അന്തിത്തിരിയനാകുന്നത്. ബ്രാഹ്മണ പൂജയില്ലാത്ത കഴകം, കാവ്, നിത്യപൂജയുള്ള തറവാടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആചാര ചടങ്ങുകള്‍ ചെയ്യാനായി തെരഞ്ഞെടുക്കപ്പെടുന്ന ആളെ തല്‍സ്ഥാനത്തിന് യോഗ്യനാക്കുന്ന ചടങ്ങാണ് ആചാരമംഗലം. മറ്റ് ക്ഷേത്ര സ്ഥാനീകരും പൊതുജനങ്ങളും ഇദ്ദേഹത്തെ അംഗീകരിക്കണമെങ്കില്‍ ആചാരമംഗലം നിര്‍ബന്ധം. 

കഴിഞ്ഞ ദിവസം നീലായിലെ കരപ്പോത്ത് തറവാട്ടില്‍ ഇത്തരത്തിലൊരു ആചാരമംഗലം നടന്നു. നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരുന്ന ചടങ്ങുകളാണ് നടന്നത്. നീലായിലെ പരേതനായ അമ്പാടി കുഞ്ഞിയുടെയും കാരിച്ചിയമ്മയുടെയും മകന്‍ കെ.പി.ബാലന്‍ എന്ന 65 വയസ് പൂര്‍ത്തിയായ വയോധികനാണ് ആചാരമംഗലം ചടങ്ങ് നടത്തിയത്. ചടങ്ങ് പൂര്‍ത്തിയാകുന്നതോടെ കെ.പി.ബാലന്‍ 'അന്തിത്തിരിയ'നെന്നാകും ഇനി അറിയപ്പെടുക.

ചടങ്ങുകള്‍ കഴിയുന്നതോടെ അന്തിത്തിരിയന് പ്രത്യേക വേഷവിധാനങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മുണ്ടും മേല്‍മുണ്ടായി ഉറുമാലുമാണ് വേഷം. കൈയില്‍ അന്തിത്തിരിയന്റെ അധികാരദണ്ഡും ഓലക്കുടയും നിര്‍ബന്ധം. 

കിണാവൂര്‍ കണ്ണന്‍കുന്ന് ക്ഷേത്രത്തില്‍ നിന്നും ബാലന്‍ ക്ഷേത്ര സ്ഥാനികര്‍ക്കൊപ്പം ആചാരം സ്വീകരിച്ചു. കാല്‍നടയായി ഓലക്കുടയും ചൂടി നീലായി വീട്ടിലെത്തി. തുടര്‍ന്ന് പടിഞ്ഞാറ്റയില്‍ പലകയില്‍ ഇരുന്ന ബാലനെ ഭാര്യ ജാനകി മധുരം വിളമ്പി സ്വീകരിച്ചു. മധുരം സ്വീകരിച്ച ബാലനെ മുറ്റത്തെ തറയില്‍ വിരിച്ച പായയിലിരുത്തി മറ്റ് അന്തിത്തിരിയന്മാരും മുതിര്‍ന്നവരും അരിയിട്ട് വാഴിച്ചു. ഈ ചടങ്ങ് കഴിഞ്ഞതോടെ ബാലന്‍ അന്തിത്തിരിയനെന്ന് അറിയപ്പെടും. 

പിന്നീട് നീലായി വീട് സാക്ഷ്യം വഹിച്ചത് വ്യതസ്തമായ ഒട്ടേറെ ചടങ്ങുകള്‍ക്കായിരുന്നു. ബാലനെ ആചാരം കൊണ്ട അന്തിതിരിയന്മാര്‍ക്ക് കൊടിയിലയില്‍ വെറ്റിലയും അടക്കയും വിളമ്പി സദ്യ വട്ടം. തുടര്‍ന്ന് ക്ഷണിക്കപ്പെട്ട് അഥിതികളായി എത്തിയവര്‍ക്കെല്ലാം പരിപ്പ് പ്രഥമന്‍ അടക്കമുള്ള കല്യാണ സദ്യ വേറെയും. സദ്യ കഴിച്ചുവന്നവര്‍ പന്തലില്‍ തൂക്കിയ പഴുത്ത വാഴക്കുലകള്‍ അഴിച്ചു. കുലഅഴിക്കല്‍ ചടങ്ങായിരുന്നു ഇത്.

അതുകഴിഞ്ഞ് ബാലന്‍ അതിഥികള്‍ക്ക് വെറ്റിലയും അടക്കയും പുകയിലയും അടങ്ങിയ മുറുക്കാന്‍ പൊതി നല്‍കി. അത് മുറുക്കുവാനുള്ളതായിരുന്നില്ല. എത്തിച്ചേര്‍ന്ന അതിഥികള്‍ക്ക് കൊണ്ടു പോകാനുള്ളതായിരുന്നു. എല്ലാം കഴിഞ്ഞ് യാത്ര ചോദിച്ച് പോകുന്നവര്‍ക്ക് വാഴയിലയില്‍ പൊതിഞ്ഞുകെട്ടിയ ശര്‍ക്കരയും ഉപ്പേരിയും പഴവും. ആചാരത്തിന്റെ ഭാഗമായിട്ടാണ് ഈ ചടങ്ങുകളെല്ലാം. 

ഇന്നലവരെ ബാലന്‍ എന്നുവിളിച്ചവര്‍ ഇദ്ദേഹത്തെ ഇനിമുതല്‍ അന്തിത്തിരിയന്‍ എന്നേ വിളിക്കൂ. അങ്ങനെ മാത്രമേ വിളിക്കുവാന്‍ അധികാരമുള്ളൂ. ആചാരമംഗലം കഴിഞ്ഞതോടെ ദൈവസ്ഥാനങ്ങളിലെ സദസ്സുകളില്‍ ആചാരകാരനെന്ന പദവി ലഭിക്കും. പണ്ട് കാലങ്ങളില്‍ അന്തിത്തിരിയന്മാരായിരുന്നു കാവുകളിലെത്തിച്ചേരുന്ന പരാതികളില്‍ പരിഹാരം കണ്ടിരുന്നത്. ഇത്തരം തര്‍ക്കങ്ങളില്‍ അന്തിത്തിരിയന്‍ പറയുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചിരുന്നു. ഈഴവ, നായര്‍, മണിയാണി (യാദവ) തുടങ്ങിയ ജാതികള്‍ ഇന്നും അന്തിത്തിരിയന്മാര്‍ എന്ന സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.