കൊച്ചി: പ്രശസ്ത ക്രിക്കറ്റ് പരിശീലകന്‍ പി ബാലചന്ദ്രന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി. ബാലചന്ദ്രന്റെ ശിഷ്യരും സുഹൃത്തുക്കളുമാണ് കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം കൂടി അടയാളപ്പെടുത്തുന്ന തപസ്യ എന്ന ഡോക്യുമെന്ററിക്ക് പിന്നില്‍. അരനൂറ്റാണ്ടു കാലമായി കളിച്ചും കളിപ്പിച്ചും ക്രിക്കറ്റ് മേഖലയിലെ സജീവ സാന്നിദ്ധ്യമാണ് ബാലചന്ദ്രന്‍.

മുപ്പത് കൊല്ലത്തിലധികമായി പല തലമുറയെ ക്രിക്കറ്റിന്റെ ബാലപാഠം അഭ്യസിപ്പിച്ച പി ബാലചന്ദ്രന് ഗുരുദക്ഷിണയൊരുക്കുകയാണ് ശിഷ്യര്‍. കേരള ക്രിക്കറ്റ് തലയുയര്‍ത്തി നില്‍ക്കുന്ന കാലത്ത് അതിന് കാരണക്കാരായവരെ ഓര്‍ക്കാന്‍ കൂടിയാണ് തപസ്യ എന്ന ഡോക്യുമെന്ററിയിലൂടെ ലക്ഷ്യമിടുന്നത്. 

ശ്രീശാന്ത്, ടിനു യോഹന്നാന്‍,സോണി ചെറുവത്തൂര്‍, തുടങ്ങിയ ബാലചന്ദ്രന്റെ ശിഷ്യരും പരിശീലകരും കേരളക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരായ നിരവധി പ്രമുഖരും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നു. കേരള ക്രിക്കറ്റിന്റെ അസുലഭ നിമിഷങ്ങളും ഡോക്യുമെന്ററിയില്‍ കാണാം. തൃശൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ മുന്‍ രഞ്ജി താരം ജയേഷ് ജോര്‍ജ്ജ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു. അനില്‍ കുമാറാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത്.