കൊട്ടിയം:   തഴുത്തലയില്‍ ഉത്സവഘോഷയാത്രയ്ക്കിടെ ഇടഞ്ഞോടിയ ആനയുടെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്ക്. ആദിച്ചനല്ലൂര്‍ വടക്കേ മൈലക്കാട് മാതേരുവിള വീട്ടില്‍ അഭിജിത്തി(19)നാണ് കുത്തേറ്റത്. ഇയാളെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എഴുന്നള്ളത്തിന്റെ അവസാനഭാഗത്തുനിന്ന ആനയാണ് വിരണ്ടോടിയത്. എഴുന്നള്ളത്തിന്റെ പുറകിലുണ്ടായിരുന്ന മദ്യപര്‍ ആനയുടെ വാലില്‍ തൂങ്ങിയതാണ് ആന ഇടഞ്ഞോടാന്‍ കാരമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കുപറ്റി. ആനയെ മയക്ക് വെടിവച്ച് തളച്ചു. തഴുത്തല മഹാഗണപതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കൊട്ടിയത്ത് നടന്ന ഗജമേളയില്‍ പങ്കെടുത്ത ആനകള്‍ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോകുന്നതിനിടെയാണ് ആന വിരണ്ടത്.

തഴുത്തല റോഡില്‍ക്കൂടി ഓടിയ ആന ഏറെ പരിഭ്രാന്തിയുണ്ടാക്കി പാഞ്ഞു നടക്കുന്നതിനിടെ എസ്.പി.സി.എ. എലിഫന്റ് സ്‌ക്വാഡിലെ ഡോ. അരവിന്ദ് മയക്ക് വെടിവച്ചു. വെടികൊണ്ട് ഓടിയ ആന ക്ഷേത്രത്തിന് മുന്‍പിലെത്തി മയങ്ങിനിന്നു. പിന്നീട് പാപ്പാന്മാര്‍ ചേര്‍ന്ന് അടുത്ത പുരയിടത്തിലേയ്ക്ക് ആനയെ മാറ്റിത്തളച്ചു. റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിലെ പോലീസുകാരന്‍ ചവറ സ്വദേശി അരുണ്‍, പട്ടത്താനം സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാന്‍ കോട്ടയം സ്വദേശി സുബിന്‍, പേരയം സ്വദേശി അക്ഷയകുമാര്‍, പുന്തലത്താഴം സ്വദേശി രാഹുല്‍രാജ്, രഞ്ജുകൃഷ്ണ എന്നിവര്‍ക്കാണ് തിരക്കിനിടെ പരിക്കേറ്റത്. ഇവര്‍ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.