ഷെഡിന് മുകളിലേക്ക് വീഴാതെ കയർ ഉപയോഗിച്ച് ചുവടെ മുറിച്ചു മാറ്റുന്നതിനിടയില്‍, പെട്ടെന്ന് മറിഞ്ഞ് വീണ മരത്തിനടിയിൽപ്പെട്ട് സൂപ്പർവൈസർ കെ.എസ്.മണി മരിക്കുകയായിരുന്നു.

ഇടുക്കി: മഴക്കും കാറ്റിനും ശമനമായെങ്കിലും കാലവർഷ കെടുതികൾ തുടരുകയാണ് രാജകുമാരി അരമനപ്പാറയിൽ കാലവർഷ മഴയിൽ ചാഞ്ഞു നിന്നിരുന്ന മരം മുറിച്ച് മാറ്റുന്നതിനിടയിൽ ഒടിഞ്ഞു വീണ് തൊഴിലാഴി മരിച്ചു. ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റ് സൂപ്പർവൈസർ കെ.എസ്.മണിയാണ് മരത്തിനടിയിൽ പെട്ട് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം ഉണ്ടായത്. മഴയിലും കാറ്റിലും എസ്റ്റേറ്റിലെ ഷെഡിന് മുകളിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരം തൊഴിലാളികൾ ചുവടെ വെട്ടിമാറ്റുന്നതിനുള്ള ജോലികൾ പുരോഗമിക്കവേ തോട്ടത്തിൽ മരുന്നടിച്ച ശേഷം മരം മുറിച്ചു മാറ്റുന്നിടത്തേക്ക് എത്തിയ സൂപ്പർവൈസർ കെ.എസ്.മണി തൊഴിലാളികളുടെ കൂടെ മരം വെട്ടിമാറ്റാൻ കൂടുകയായിരുന്നു. 

ഷെഡിന് മുകളിലേക്ക് വീഴാതെ കയർ ഉപയോഗിച്ച് ചുവടെ മുറിച്ചു മാറ്റുന്നതിനിടയില്‍, പെട്ടെന്ന് മറിഞ്ഞ് വീണ മരത്തിനടിയിൽപ്പെട്ട് സൂപ്പർവൈസർ കെ.എസ്.മണി മരിക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി. ഉടനെ തന്നെ രാജകുമാരി ദേവമാതാ ആശുപത്രിയിൽ മണിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജാക്കാട് പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു. പോസ്റ്റുമാട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.