തമ്മനം നളന്ദയില്‍ പരീക്ഷ എഴുതുന്ന കസ്തുരി മഹാലിംഗം എന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ആണ് മരിച്ചത്. 

എറണാകുളം: നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സ്വദേശി കൃഷ്ണ സ്വാമി ആണ് മരിച്ചത്. തമ്മനം നളന്ദയില്‍ പരീക്ഷ എഴുതുന്ന കസ്തുരി മഹാലിംഗം എന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ആണ് മരിച്ചത്. 

കൃഷ്ണ സ്വാമിയുടെ മൃതദേഹം വൈകിട്ട് നാലുമണിയോടെ ആംബുലന്‍സില്‍ സ്വദേശമായ തിരുവാരൂരിലേക്ക് കൊണ്ടുപോകും. ബന്ധുക്കള്‍ ഒരുമണിക്കൂറിനകം ആശുപത്രിയിലെത്തും. സംസ്ഥാന അതിര്‍ത്തി വരെ പോലീസ് പൈലറ്റ് ഉണ്ടാവും. റവന്യൂ അധികൃതര്‍ തിരുവാരൂര്‍ വരെ അനുഗമിക്കും. കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പരീക്ഷാസെറ്ററുകള്‍ കുറവായത് കാരണം തമിഴ്‌നാട്ടില്‍ നിന്ന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് കേരത്തില്‍ പരീക്ഷയെഴുതാനെത്തിയത്. സംസ്ഥാനത്ത് 10 ജില്ലകളിലായി മൊത്തം ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങോടെയാണ് പരീക്ഷ നടക്കുന്നത്. നേരത്തെ കോഴിക്കോട് ദേവഗിരി സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഫുള്‍ സ്ലീവ് വസ്ത്രം നിര്‍ബന്ധിച്ച് മുറിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ചില വിദ്യാര്‍ഥിനികളെ ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കാന്‍ അനുവദിച്ചെന്നും ഒരു വിഭാഗം രക്ഷിതാക്കള്‍ ആരോപിച്ചു. 

തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ നീറ്റ് പരീക്ഷക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് വീല്‍ ചെയര്‍ നിഷേധിച്ചതായും ആരോപണമുയര്‍ന്നിരുന്നു. അവസാന നിമിഷമാണ് വീല്‍ ചെയര്‍ അനുവദിക്കില്ലെന്ന് അറിയിച്ചതെന്നായിരുന്നു പരാതി. പരീക്ഷ മുകളിലെ നിലയില്‍ ആയതിനാല്‍ ഏറെ നേരത്തേ കാത്തിരിപ്പിന് ശേഷമാണ് താഴെ പ്രത്യേകം ക്ലാസ്മുറി അനുവദിച്ചത്.