മലയാളത്തിലെ ആദ്യത്തെ മൊബൈല്‍ വെര്‍ട്ടിക്കല്‍ വീഡിയോ പ്രോഗ്രാം പുറത്തിറങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കുന്ന നേരേ വാ, നേരേ പോ എന്ന പരിപാടി പൂര്‍ണമായും മൊബൈലിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എബി തരകനും തമ്മിലുള്ള സംഭാഷണ പരിപാടിയാണ് നേരേ വാ, നേരേ പോ. ഓണ്‍ലൈന്‍ വീഡിയോകളുടെ കാഴ്ച്ചക്കാരില്‍ 90 ശതമാനവും ഇപ്പോള്‍ കാണുന്നത് മൊബൈല്‍ വഴിയാണ്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ സ്ക്രീനിന്‍റെ നീളത്തിനും വീതിക്കും അനുസരിച്ച് വെര്‍ട്ടിക്കലായാണ് പരിപാടി നിര്‍മ്മിച്ചിരിക്കുന്നത്. ഏത് മൊബൈലിലും പരിപാടി ഫോണ്‍ തിരിച്ച് പിടിക്കാതെത്തന്നെ മുഴുവന്‍ സ്ക്രീനില്‍ കാണാനാവും എന്നതാണ് ഇതിന്‍റെ വലിയ പ്രത്യേകത.

ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ ഇത്തരം വെര്‍ട്ടിക്കല്‍ വീഡിയോ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച വെര്‍ട്ടിക്കല്‍ പരിപാടി ആരംഭിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് പരിപാടിയുടെ ഉള്ളടക്കം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചീഫ് സബ് എഡിറ്റര്‍ വരുണ്‍ രമേഷാണ് പരിപാടിയുടെ നിര്‍മ്മാതാവ്.