കാസര്‍കോട്: കാറഡുക്ക, മുക്കൂര്‍ മേഖലയില്‍ വന്‍ തീപ്പിടിത്തം. 20 ഏക്കറോളം വനം കത്തിനശിച്ചു. കാറഡുക്ക പതിമ്മൂന്നാംമൈല്‍ പയ്യനടുക്കം വനത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചത്. ഗാഡിഗൂഡെ മുക്കൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് തോട്ടത്തിലേക്കും തീപടര്‍ന്ന് പിടിച്ചു. കാറഡുക്ക-അരയാലിങ്കാല്‍ റോഡിനോട് ചേര്‍ന്ന് ആരംഭിച്ച തീ പയ്യനടുക്കം ഭാഗത്തേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.
കാട്ടുതീയില്‍ ഏതാണ്ട് ഒന്നര ഏക്കറോളം കാട് കത്തിനശിച്ചു. കുളത്തിങ്കാല്‍, കുണ്ടടുക്കം, അരയാലിങ്കാല്‍, പയ്യനടുക്കം മേഖലയിലേക്ക് തീപടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നൂറുകണക്കിന് നാട്ടുകാര്‍ സമീപത്തായി ഫയര്‍ലൈന്‍ തീര്‍ത്തു. കാസര്‍കോട്ടുനിന്ന് അഗ്‌നിരക്ഷാസേനയും എത്തി. വൈദ്യുതലൈനുകളോ ആള്‍താമസോ ഇല്ലാത്ത പ്രദേശത്തുനിന്നാണ് തീ പടരാന്‍ തുടങ്ങിയത്.
സാധാരണ ജനുവരിയോടെ വനംവകുപ്പ് ഈ മേഖലയില്‍ ഫയര്‍ലൈന്‍ ഉണ്ടാക്കാറുണ്ട്. ഈ വര്‍ഷം അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുക്കൂറില്‍ കശുമാവിന്‍ത്തോട്ടം വ്യാപകമായി കത്തി നശിച്ചു. തീ വ്യാപകമായി പടരുന്നതിനാല്‍ പല മേഖലയില്‍നിന്ന് ആള്‍ക്കാരെ വരുത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
