തേക്കടി പെരിയാർ കടുവാ സങ്കേതത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ താൽക്കാലിക ജീവനക്കാരെക്കൊണ്ട് ദാസ്യവേല ചെയ്യക്കുന്നുവെന്ന പരാതി ഉയര്‍ന്നത്.

ഇടുക്കി: പോലീസ് സേനയിൽ ദാസ്യപ്പണി വിവാദമായതോടെ വനം വകുപ്പിലും ദാസ്യപ്പണി ഉണ്ടെന്ന പരാതി ഉയര്‍ന്നു. പരാതിയിൽ അന്വേഷണത്തിനായി വനം വകുപ്പ് ഐ ആൻറ് ഡി അഡ്മിനിസ്ടേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തേക്കടിയിലെത്തി അന്വേഷണം നടത്തി. തേക്കടി പെരിയാർ കടുവാ സങ്കേതത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ താൽക്കാലിക ജീവനക്കാരെക്കൊണ്ട് ദാസ്യവേല ചെയ്യക്കുന്നുവെന്ന കുമളി സ്വദേശി സജിമോൻ നൽകിയ പരാതിയിന്മേലാണ് വിശദമായ അന്വേഷണത്തിനായി ഫോറെസ്റ്റ് വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥൻ അഞ്ചൽ കുമാർ തേക്കടിയിൽ എത്തിയത്.

വനംവകുപ്പിലെ ജീവനക്കാരിയായ ദളിത് സ്ത്രീയെ ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ട് ജോലിക്കായി നിര്‍ത്തിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുള്ളതായും രണ്ട് ദിവസത്തിന് ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നും ഐ ആന്‍റ് ഡി വിഭാഗം ഉദ്യോഗസ്ഥൻ അഞ്ചൻകുമാർ ഐ എഫ് എസ് പറഞ്ഞു. പരാതിക്കാരന്‍റെയും ഡെപ്യൂട്ടി ഡയറക്ടറുടെയും മൊഴികൾ ഉള്‍പ്പെടെ ഏഴു പേരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമെങ്കിൽ അത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസിൽ ദാസ്യവേല നിലനിൽക്കുനെന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ശേഖരിച്ചത്. പരാതി യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞാൽ പെരിയാർ ടൈഗർ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെ നിരവധി ഉദ്യോഗസ്ഥരുടെ മേൽ നടപടി ഉണ്ടാകും.