യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം. 

അമ്പലപ്പുഴ: വിവാഹത്തലേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ 19 കാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. ബുധനാഴ്ച രാത്രി 9 ഓടെ യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച അമ്പലപ്പുഴക്ക് സമീപത്തെ ഓഡിറ്റോറിയത്തില്‍ നടത്താനിരിക്കെയായിരുന്നു സംഭവം. തലേന്ന് രാത്രിയില്‍ വീട്ടിനു സമീപം ബൈക്കിലെത്തിയ യുവാവുമൊന്നിച്ചാണ് യുവതി കടന്നത്. ബന്ധുക്കളും അയല്‍വാസികളുമടക്കം നിരവധിപേര്‍ തലേന്നുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദേശാനുസരണം യുവതി ഫോട്ടോക്ക് പോസ് ചെയ്യുകയാണെന്നാണ് ഇവര്‍ കരുതിയത്. 

ഈ സമയം യുവതിയുടെ അച്ഛന്‍ ബിരിയാണിക്കുള്ള സാധനങ്ങളുമായി ഓഡിറ്റോറിയത്തിലേക്ക്‌ പോയിരുന്നു. നവവധുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവതി എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ എന്നോട് പിണങ്ങരുതെന്നും മടങ്ങിവരുമെന്നും കത്തില്‍ സൂചിനയുണ്ട്. വണ്ടാനം സ്വദേശിയായ 20 കാരനുമായി ഏറെനാളായി യുവതി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി യുവതിയുടെ വീട്ടില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ യുവതിയുടെ സഹോദരിയുടെ വിവാഹ ദിവസം കാമുകന്‍ വീടുകയറി ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് നവവരനും രംഗത്തെത്തി.