ദില്ലി: ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പിനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ധിച്ചു. കമ്പിനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വയര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പിനി യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചത്. ഷായുടെ കമ്പിനിയായ ഷാസ് ടെമ്പിള്‍ എന്‍ര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടിലും ബാലന്‍സ് ഷീറ്റിലും ഇത് വ്യക്തമാണ്.

എന്നാല്‍ 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ കമ്പിനിക്ക് 18,728 രൂപ ലാഭം ലഭിച്ചെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പിന്നീട് 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ കമ്പിനിയുടെ ലാഭം 80.5 കോടിയായി ഉയര്‍ന്നു. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്‍വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാനപത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷായുടെ കമ്പിനിക്ക് ഏറ്റവും വലിയ ലാഭമുണ്ടായതെന്നും വയര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് കമ്പിനിക്ക് 1.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാണിച്ച് ഷാ കമ്പിനി പൂട്ടി. കമ്പിനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി വയര്‍ റിപ്പോര്‍ട്ടര്‍ ഷായെ വിളിച്ചെങ്കിലും യാത്രയിലായതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ ഷായുടെ അഭിഭാഷകന്‍ മാണിക് ദോഗ്ര തിരിച്ച് വിളിക്കുകയും ഷായ്ക്കെതിരെ എന്തെങ്കിലും റിപ്പോര്‍ട്ട് നല്‍കിയാല്‍ അപകീര്‍ത്തി കേസ് കൊടുക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കമ്പിനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്ന് ലഭിച്ച രേഖകള്‍ ജയ്ഷായുടെ അഭിഭാഷകന് നിഷേധിക്കാനാവില്ല കാരണം അവ വളര വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയ്ഷായുടെ പ്രതികരണം ലഭിച്ചാല്‍ അത് നല്‍കാന്‍ തയ്യാറാണെന്നും വയര്‍ പറയുന്നു.