കൊല്ലം: ഭയപ്പെടുത്തി ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ തമിഴ് കാര്‍ട്ടൂണിസ്റ്റ് ബാല. കേരളത്തില്‍ മാത്രമാണ് ഭയപ്പെടാതെ ജീവിക്കാന്‍ സാധിക്കുന്നത്. രജനീകാന്തിന് തമിഴ് രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ബാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നമ്മെ ഭയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. അതിന് നമ്മള്‍ വഴങ്ങരുത്. ജയിലില്‍ നിന്ന് വന്നതിന് അടുത്ത ദിവസം തന്നെ വീണ്ടും വരക്കാന്‍ തുടങ്ങി. ചിന്തിക്കുന്ന ആള്‍ക്കാരെ ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാറെന്നും ബാല പറഞ്ഞു. രജനി ആരാധകര്‍ക്ക് പ്രായമായി. പുതിയ തലമുറ രജനിയുടെ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നവരാണ്. രജനിതരംഗം തമിഴ്‌നാട്ടില്‍ അസ്തമിച്ചുകഴിഞ്ഞെന്നും ബാല അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തി നിശബ്ദനാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ലെന്ന് ഉറച്ച സ്വരത്തില്‍ പറയുകയാണ് ബാല. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ രാജ്യദ്രോഹി ആയി ചിത്രീകരിക്കുകയാണ്. ഫാസിസത്തിനെതിരെ രാജ്യത്ത് ഏക പ്രതീക്ഷ കേരളമാണെന്നും ബാല പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ തിരുനെല്‍വേലി കളക്ടറേറ്റിന് മുന്നില്‍ അമ്മയും രണ്ട് മക്കളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനാണ് ബാലയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ജാമ്യം അനുവദിച്ചു. നാളെ നടക്കുന്ന ആഗോള മാധ്യമ സംഗമത്തിനോടനുബന്ധിച്ചുള്ള കാര്‍ട്ടുണ്‍ പ്രദര്‍ശനത്തിനായാണ് ബാല കൊല്ലത്തെത്തിയത്.
