തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനുളള പാര്‍ട്ണര്‍ കണ്‍സള്‍ട്ടന്‍റായി കെപിഎംജിയെ ചുമതലപ്പെടുത്തി സെപ്റ്റംബര്‍ അഞ്ചിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ടു മാസം കഴിഞ്ഞിട്ടും കാര്യമായ നേട്ടമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ കണ്‍സള്‍ട്ടന്‍റിനെ തേടുന്നത്. ടെന്‍ഡറിലൂടെ മികച്ച കണ്‍സള്‍ട്ടന്‍റുമാരെ കണ്ടെത്തുന്നതടക്കം പരിഗണിക്കുന്നുണ്ട്. സൗജന്യ സേവനം വാഗ്ദാനം ചെയ്ത കെപിഎംജിക്ക് നേരിട്ട് ചുമതല നല്‍കിയ സര്‍ക്കാര്‍ മറ്റ് ഏജന്‍സികളുടെ സാധ്യത തേടിയിരുന്നില്ല. 

കെപിഎംജിയുടെ പ്രധാന നിര്‍ദ്ദേശമായ ക്രൗഡ് ഫണ്ടിംഗില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും  കാര്യമായ നേട്ടമില്ലാത്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി  ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ആലപ്പുഴ നഗരസഭയില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നതു വഴി ഒന്പത് കോടിയിലേറെ രൂപ നഷ്ടമുണ്ടായപ്പോള്‍ 100 രൂപ മാത്രമാണ് ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനായത്. അമ്പലപ്പുഴയില്‍ സമാഹരിച്ചതും നൂറു രൂപ മാത്രം. ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടലിനായി പ്രചാരണം നടത്താനുളള റീ ബില്‍ഡിംഗ് കേരള ഇംപ്ളിമെന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനവും നടപ്പായില്ല. നവകേരള നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ നിരവധി സംഘടനകളും വ്യക്തികളും സന്നദ്ധത അറിയിച്ചെങ്കിലും ഇത്തരത്തിലുളള സഹായം ഏകോപിപ്പിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ വഴി കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍.