കാസര്‍കോട്: പുസ്തകങ്ങളെ സ്‌നേഹിച്ച് പുസ്തകങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഒരാളുണ്ട്. ഇരുപത്തിരണ്ടാമത്തെ വയസുമുതല്‍ അദ്ദേഹം കാസര്‍കോട് ജില്ലയിലെ ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇന്ന് എണ്‍പത്തിന്റെ രണ്ടിന്റെ അവശതയിലും അദ്ദേഹം പുസ്തകങ്ങള്‍ക്കിടയില്‍ സജീവമാണ്. കാസര്‍കോട് കരിന്തളത്ത് അണ്ടോളിലെ സി. നാരായണന്‍ എന്ന 82 കാരനാണ് ആ പുസ്തക മുത്തച്ഛന്‍.
ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ കഥ പറയുന്ന തേജസിനി പുഴക്കരയിലെ ദേശസേവിനി എന്ന വായനശാല, ഇരുപത്തിരണ്ടാം വയസ്സില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊണ്ടായിരുന്നു സി.നാരായണന്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് കടന്നു വന്നത്. കേരളം ഭാഷാടിസ്ഥാനത്തില്‍ സ്വതന്ത്രമായ 1957 ലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം അണ്ടോള്‍ ദേശസേവിനി വായനശാല ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടും അദ്ദേഹം പുസ്തകങ്ങളുടെ കൂടെയുണ്ടായിരുന്നു. പത്ത് വര്‍ഷം വായനശാല പ്രസിഡന്റും 44 വര്‍ഷം സെക്രട്ടറിയുമായിരുന്നു.
നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായ ശേഷം പഞ്ചായത്തില്‍ ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. 1991 ല്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ നിന്നു വിരമിച്ചു. വിരമിച്ചശേഷം മുഴുവന്‍ സമയവും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിനു നീക്കിവച്ചു.

വായനശാല പ്രതിനിധിയെന്ന നിലയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയനില്‍ അംഗമായി. രണ്ട് തവണ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി. രണ്ട് തവണ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും. പ്രായഭേദമോ വലുപ്പച്ചെറുപ്പമോ ഇല്ലാതെ ഏവരോടും സരസമായി ഇടപഴകുന്ന ഇദ്ദേഹത്തിന് ജില്ലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കിടയില്‍ വിപുലമായ സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ പുസ്തക പ്രണയത്തെ അംഗീകരിച്ച് ഇത്തവണത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍.പണിക്കര്‍ പുരസ്‌കാരം സി.നാരായണനെ തേടിയെത്തി.
വാഹന സൗകര്യം പരിമിതമായിരുന്ന ആദ്യകാലങ്ങളില്‍ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തനത്തിനായി ഗ്രാമീണ ലൈബ്രറികളിലേക്ക് സി.നാരായണന്‍ കിലോമീറ്ററുകളോളം നടന്നെത്തുമായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ദേശസേവിനിയുടെയും താലൂക്ക് യൂണിയന്റെയും ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞെങ്കിലും പ്രവര്‍ത്തന രംഗത്ത് സജീവമാണ്. നിലവില്‍ വെള്ളരിക്കുണ്ട് താലൂക്ക് യൂണിയനില്‍ കൗണ്‍സിലറാണ്. ഭാര്യ കെ.ശാരദ. മക്കളായ എം.വി.ജയദേവന്‍, എം.വി.രാജീവന്‍ എന്നിവരും മരുമക്കളും പേരമക്കളും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനമേകുന്നു.
