Asianet News MalayalamAsianet News Malayalam

സർക്കാർ ഭൂമിയിൽ നിന്നും മരം മുറിക്കൽ ഇനി വേണ്ട; ഹാരിസൺ പ്ലാന്‍റേഷന് വിലക്ക്

ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഹാരിസണ്‍ മലയാളം പ്ലാന്‍റേഷൻ റബ്ബര്‍ മരങ്ങള്‍ മുറിച്ച് കടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ഇതേത്തുട‍ർന്നാണ് വില്ലേജ് ഓഫീസറും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ടത്
 

The Harrisons Malayalam Plantation in Kollam Thenmala crosses the Kerala High Court order by cutting the rubber trees secretly and village officer gave stop memo
Author
Kollam, First Published Feb 18, 2019, 3:01 PM IST

കൊല്ലം: സർക്കാർ ഭൂമിയിൽ നിന്നും മരം മുറിക്കുന്നതിന് ഹാരിസൺ പ്ലാന്‍റേഷന് സ്റ്റോപ്പ് മെമ്മോ. തെൻമല വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വിഷയത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കൊല്ലം തെൻമലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷൻ റബ്ബര്‍ മരങ്ങള്‍ രഹസ്യമായി മുറിച്ച് കടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ഇതേത്തുട‍ർന്നാണ് വില്ലേജ് ഓഫീസറും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ടത്. ഹാരിസണിന്‍റെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങ‌ൾ തിരിച്ചു പിടിക്കാൻ നടപടി തുടരുന്നുവെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ഹാരിസണ്‍ ഈസ്റ്റ്ഫീല്ഡ് ഡിവിഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന 150 മരങ്ങളാണ് മുറിച്ചത്. നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായിട്ടുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്. തെൻമല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്‍റേഷനില്‍ നിന്ന് രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ അപ്പോള്‍ തന്നെ അവിടെ നിന്നും കടത്തി. വിലക്കുണ്ടെങ്കിലും പ്ലാന്‍റേഷന്‍ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാറുണ്ടെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

 ഹാരിസൺ മലയാളം പ്ലാന്‍റേഷന്‍ കമ്പനി കൃഷി ചെയ്തു വരുന്ന തോട്ടങ്ങളിലെ റബർ മരങ്ങൾ മുറിക്കുന്നതിനായുള്ള സീനിയറേജ് പണം പിടിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി ശരിവച്ച് കൊണ്ട് നാഗമല, ഈസ്റ്റ് ഫീല്‍ഡ്, റിയാ, അമ്പനാട് എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളില്‍ ഹാരിസണ്‍ മലയാളം നിന്നും റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തണമെന്ന് ഡിസംബര്‍ 28 ന് ജസ്റ്റിസ് അനുശിവരാമൻ ഉത്തരവിറക്കിയിരുന്നു.  

എന്നാല്‍, കോടതി ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. വനമേഖലയില്‍ മറ്റ് ഭാഗങ്ങളിലും മരങ്ങള്‍ മുറിച്ചോയെന്നും സംശയമുണ്ട്. കോടതി ഉത്തരവ് ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഹാരിസണ്‍ മാനേജ്മെന്‍റിന്‍റെ മറുപടി.

Follow Us:
Download App:
  • android
  • ios