ന്യൂഡല്‍ഹി: ജനിച്ചുവളര്‍ന്ന നാടും കളിസ്ഥലവും എല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. അങ്ങനയൊരു കളിസ്ഥലത്തെയും ഗൃഹാതുരമായ ഓര്‍മകളെയും ചുറ്റിപ്പറ്റിയുള്ള മലയാള ചിത്രമായിരുന്നു രക്ഷാധികാരി ബൈജു. സമാനമായ ഒരു കഥയാണ് ഡല്‍ഹിയിലെ ഏഴുവയസുകാരി നവ്യ സിങിനും പറയാനുള്ളത്.
ചെറുപ്പം മുതല്‍ താന്‍ കളിച്ചുവളര്‍ന്ന സ്ഥലം നഷ്ടപ്പെടുമെന്നായപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് നവ്യ. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് നവ്യയുടെ താമസം. പ്രദേശത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കളിക്കാനും പ്രഭാതസവാരി നടത്താനുമെല്ലാം ഏക ആശ്രയം ഈ ചെറിയ പാര്‍ക്കായിരുന്നു.
വളരെ ചെറുപ്പം മുതല്‍ക്കു തന്നെ എല്ലാദിവിസവും രാവിലെയും വൈകുന്നേരവും നവ്യ മാതാപിതാക്കള്‍ക്കൊപ്പം ഇവിടെ എത്തുമായിരുന്നു. എന്നാല്‍ പ്രദേശത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തദ്ദേശ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതോടെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന പാര്‍ക്ക് നഷ്ടമാകുമെന്ന ബോധ്യം നവ്യയെ അലട്ടി. അവസാന ആശ്രയമെന്ന നിലയിലാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാന്‍ നവ്യ തീരുമാനിച്ചത്.
പ്രിയപ്പെട്ട് പ്രൈമിനിസ്റ്റര്‍ അങ്കിള്‍... എന്ന് തുടങ്ങുന്ന കത്തില്‍ കത്ത് പ്രധാനമന്ത്രി കാണുമോ എന്ന ആശങ്കയും നവ്യ ആദ്യം തന്നെ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ആയിരം കത്തുകള്‍ അങ്ങയ്ക്ക് ലഭിക്കാറുണ്ടെന്നും അതിനിടയില്‍ ഈ കത്ത് ശ്രദ്ധിക്കപ്പെടില്ലെന്നും ഇതെഴുതുമ്പോള്‍ പലരും പറയുന്നുണ്ട്, എന്നാല്‍ ഈ കത്ത് അങ്കിള്‍ കാണുമെന്ന് എനിക്ക തോന്നുന്നു.
താന്റെതടക്കം പ്രദേശവാസികളുടെ ജീവിതമാണ് പാര്‍ക്കെന്നും നിര്‍മിക്കാനിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ പൊതുവരുമാനം ദുരുപയോഗം ചെയ്യല്‍ മാത്രമാണെന്നും നവ്യ പറയുന്നു. വെറും അമ്പത് മീറ്റര്‍ മാത്രം ദൂരത്തില്‍ മറ്റൊരു കമ്യൂണിറ്റി ഹാള്‍ ഉള്ളപ്പോള്‍ വീണ്ടും ഒരെണ്ണം നിര്‍മിക്കുന്നത് എന്തിനാണെന്നാണ് നവ്യയുടെ ചോദ്യം.
മോദി അങ്കിള്‍, താങ്കള്‍ വളരെ ബുദ്ധിമാനാണെന്ന് എല്ലാവരും പറയുന്നു, അതുകൊണ്ട് എന്റെ പാര്‍ക്ക് സംരക്ഷിക്കാന്‍ അങ്ങയ്ക്ക് സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ട് എന്നുപറഞ്ഞാണ് നവ്യ കത്ത് അവസാനിപ്പിക്കുന്നത്. കോടതിയില്‍ രക്ഷിതാക്കളുടെ സഹായത്തോടെ നല്‍കിയ ഹര്‍ജിയും പ്രധാനമന്ത്രിക്കയച്ച കത്തും തന്റെ പാര്‍ക്കിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് നവ്യയിപ്പോള്‍.
