ജൂൺ‌ 5 ന് പൊലീസ് കണ്ടെത്തി ബേബി കുമാരസ്വാമി എന്ന് പേരിട്ടു രണ്ട് ദിവസത്തിന് ശേഷം മരിച്ചു കാരണം രക്തത്തിലെ അണുബാധ
ബംഗളൂരു: മാലിന്യക്കുഴിയിൽ നിന്ന് പൊലീസുകാർ രക്ഷിച്ച കുഞ്ഞ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബംഗളൂരുവിലെ ദൊഡ്ഡദഗ്പൂർ പൊലീസ് സ്റ്റേഷന് സമീപത്തെ മാലിന്യക്കുഴിയിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ പൊലീസുദ്യോഗസ്ഥർ കണ്ടെത്തിയത്. കുഞ്ഞിന് കുമാരസ്വാമി എന്ന് പേരും നൽകിയിരുന്നു. അതേ സ്റ്റേഷനിലെ തന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ അർച്ചന ആണ് പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ മുലയൂട്ടിയത്. മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിന്റെ ശരീരം
''കണ്ടത്തുമ്പോൾ മൂതപ്രായനായിരുന്നു ഈ കുഞ്ഞ്. മാത്രമല്ല നെറ്റിയിൽ ഒരു മുറിവുമുണ്ടായിരുന്നു. നല്ല പരിചരണം കൊടുത്താൽ ജീവിച്ചിരിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതിയത്'' വനിതാ പൊലീസ് ഉദ്യോഗസ്ഥയായ അർച്ചന വേദനയോടെ പറയുന്നു. കുഞ്ഞിനെ അമ്മയെപ്പോലെ പരിചരിക്കുകയും മുലയൂട്ടുകയും ചെയ്തത് അർച്ചന ആണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശുഭവന് കൈമാറാനുള്ള തീരുമാനത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. എന്നാൽ ജൂൺ 7ാം തീയതി കുഞ്ഞ് മരിച്ചു.
രക്തത്തിലെ അണുബാധയെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. തലച്ചോറിനെ ബാധിച്ച മെനിഞ്ചൈറ്റിസും മരണത്തിന് കാരണമായി. അണുബാധ ഉണ്ടായില്ലെങ്കിൽ ആരോഗ്യവാനായി ജിവിച്ചിരുന്നേനെ എന്നാണ് മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം. കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുട പേരാണ് പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞിന് നൽകിയത്. ''അവൻ സർക്കാരിന്റെ കുഞ്ഞായത് കൊണ്ടാണ് അങ്ങനെയൊരു പേര് നൽകിയത്. രക്ഷപ്പെടുത്തിയതും ഒരു സർക്കാർ സ്ഥാപനമായിരുന്നല്ലോ'' ഉദ്യോഗസ്ഥർ പറയുന്നു. സംഭവമറിഞ്ഞപ്പോൾ കുഞ്ഞിനെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും ഉദ്യോഗസ്ഥർ കാണിച്ച സന്മനസ്സിനെ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി അഭിനന്ദിച്ചു.
.
