ബജറ്റ് സിപിഎം പിടിച്ചുവാങ്ങി വെട്ടിമുറിച്ചെന്ന് പ്രതിപക്ഷം

തൃശൂര്‍: സിപിഎം-സിപിഐ പോര് പ്രകടമാക്കി തൃശൂര്‍ കോര്‍പറേഷന്റെ ബജറ്റ് അവതരണം. കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ച് മുക്കാല്‍ മണിക്കൂറിലേറെ നീണ്ട മേയറുടെ ആമുഖ പ്രസംഗവും അതില്‍ പുതിയ പദ്ധതികളും അനുവദിക്കുന്ന തുകയും പ്രഖ്യാപിച്ചതുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇതോടെ പ്രതിപക്ഷം ഇടപെട്ട് മേയര്‍ വായിച്ചുതീര്‍ത്ത ബജറ്റ് ഡെപ്യൂട്ടി മേയര്‍ ആവര്‍ത്തിക്കേണ്ടെന്ന് പറഞ്ഞ് ബഹളം കൂട്ടി. സിപിഐക്കാരിയായ ഡെപ്യൂട്ടി മേയറില്‍ നിന്ന് ബജറ്റ് പിടിച്ചുവാങ്ങി വെട്ടിതിരുത്തിയെന്ന് ആമുഖത്തിനും അവതരണത്തിനും മുമ്പേ പ്രതിപക്ഷം ആരോപിച്ചിരുന്നു. ആമുഖത്തില്‍ പദ്ധതികളുടെ പ്രഖ്യാപനവും തുകയും വിവരിച്ചത് നീതി കേടാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബഹളത്തിനിടെ ഡെപ്യൂട്ടി മേയറെ മേയര്‍ അജിത ജയരാജന്‍ ബജറ്റ് അവതരണത്തിന് ക്ഷണിച്ചു.

ബജറ്റ് അവതരണത്തിന് എഴുന്നേറ്റ ഡെപ്യൂട്ടി മേയര്‍ ബീന മുരളി പ്രതിപക്ഷ ആരോപണങ്ങള്‍ സത്യമാണെന്ന് തുറന്നടിച്ചു. ഔദ്യോഗികതയുടെ പേരില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അധികാരവും യോഗ്യതയും ഡെപ്യൂട്ടി മേയര്‍ക്കുണ്ടെന്നും ബഹളം നിര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതോടെ ഡസ്‌ക്കിലടിച്ച് പ്രതിപക്ഷാംഗങ്ങള്‍ പിന്തുണയര്‍പ്പിക്കുകയും ശാന്തരാവുകയുമായിരുന്നു. മേയറുടെ പ്രസംഗത്തിന്റെ ആവര്‍ത്തനമായി ബജറ്റ് മാറിയത് ഭരണപക്ഷത്തെ അംഗങ്ങളെ പോലും അസ്വസ്ഥരാക്കി. 725.41 കോടി രൂപയുടെ വരവും 700.59 കോടി രൂപയുടെ ചെലവും 24.82 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 342.34 കോടി രൂപ വരവും 310.22 കോടി രൂപ ചെലവും 32.12 കോടി രൂപ നീക്കിയിരിപ്പുമുള്ള വൈദ്യുതി ബജറ്റും ഡെ.മേയര്‍ അവതരിപ്പിച്ചു.

നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. ഒപ്പം പശ്ചാത്തല മേഖലയിലെ വികസനത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജംഗ്ഷനുകളുടെ വികസനമാണ് പശ്ചാത്തല മേഖലയില്‍ ശ്രദ്ധേയം. നൂറ് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. അശ്വനി ജംഗ്ഷന്‍, കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, കൂര്‍ക്കഞ്ചേരി ഉള്‍പ്പടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ റോഡ് ടൈല്‍വിരിക്കുമെന്നും വെളിയന്നൂര്‍, പെരിങ്ങാവ്, കെഎസ്ആര്‍ടിസി ഉള്‍പ്പടെ അഞ്ചിടങ്ങളില്‍ അണ്ടര്‍ പാസേജ് ഈ വര്‍ഷം നിര്‍മ്മിക്കുമെന്നും മേയറുടെ ആമുഖപ്രസംഗത്തില്‍ പ്രഖ്യാപിച്ചു. 

എന്നാല്‍, ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച ബജറ്റില്‍ ജംഗ്ഷനുകളുടെ വികസനം എന്നുമാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. എല്ലാ മണ്ണ് റോഡുകളും ടാര്‍ ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. നഗരത്തിലെ മുഴുവന്‍ റോഡുകളുടെയും ആധുനികവത്കരണത്തിന് തനത്, ജനകീയാസൂത്രണ ഫണ്ടുകളുടെയും എംപി, എംഎല്‍എ ഫണ്ടുകളുടെയും വിവിധ കേന്ദ്ര - സംസ്ഥാന ഫണ്ടുകളുടെയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ടുകളുടെയും ഏകോപനം ഉണ്ടാകുമെന്ന നിര്‍ദ്ദേശമുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ റോഡുകളും നവീകരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

നഗരവികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അമൃത് പദ്ധതിയുടെ സാധ്യതയും പദ്ധതികളും ബജറ്റില്‍ വിവരിക്കുന്നു. ഹരിത കേരളം പദ്ധതിക്ക് നൂറ് കോടിയാണ് ബജറ്റില്‍ കാണിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരിച്ച് മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമാക്കും. അമ്മമാര്‍ക്ക് ഫീഡിങ് കേന്ദ്രങ്ങള്‍ക്ക് 25 ലക്ഷം, ഷീ ലോഡ്ജ്-50 ലക്ഷം, തൊഴില്‍ പരിശീലനം-10 ലക്ഷം, ട്രാന്‍സ്ജെന്‍ഡറുകള്‍-50, ഉന്നതനിലവാരത്തിലുള്ള ശൗചാലയങ്ങള്‍-50, വഞ്ചിക്കുളം നവീകരണം-മൂന്ന് കോടി, ബസ് ഷെല്‍ട്ടറുകള്‍, തണ്ണീര്‍ പന്തലുകള്‍-10 ലക്ഷം, കുടിവെള്ളത്തിന്റെ ഗുണപരിശോധന, പൊതുഭരണം -അഞ്ച് കോടി, വെബ് അധിഷ്ഠിത സംവിധാനം, മൊബൈലില്‍ സന്ദേശം, ടൂറിസം ഹെല്‍പ്ഡെസ്‌ക്, ദാരിദ്ര ലഘൂകരണം-20 കോടി, പട്ടികജാതി/വര്‍ഗക്ഷേമം-10.51 കോടി, സ്നേഹവീട്-ഒരു കോടി, ലൈഫ്-10 കോടി, ആര്‍ദ്രം-10 കോടി, എ.ബി.സി-15 ലക്ഷം, വിദ്യഭ്യാസം-അഞ്ച് കോടി, കുടുംബശ്രീ ആസ്ഥാനമന്ദിരം-50 ലക്ഷം, മള്‍ട്ടിലെവല്‍ പാര്‍ക്കിങ്-ഒരു കോടി, സ്ളോട്ടര്‍ ഹൗസ്-20 കോടി, ഷോപ്പിങ് കോംപ്ളക്സുകള്‍ നവീകരണം-15 കോടി, ബസ് സ്റ്റാന്‍ഡുകളുടെ വികസനം-അഞ്ച് കോടി എന്നിങ്ങനെയാണ് പ്രധാന പദ്ധതികള്‍. സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ പടിഞ്ഞാറെകോട്ട കേന്ദ്രമാക്കി പുതിയ സബ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വൈദ്യുതി വിഭാഗത്തിന് പട്ടാളം റോഡില്‍ പുതിയ ആസ്ഥാന മന്ദിരം സ്ഥാപിക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ബജറ്റില്‍ സൂചനയുണ്ട്.