ഫീസ് കുത്തനെ കൂട്ടിയ സർക്കാർ തത്വത്തില്‍ മാനേജ്മെന്‍റുകളെ കൈയയച്ച് സഹായിക്കുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നു.

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന സമ്മേളനം. കൊള്ളലാഭം ലക്ഷ്യമിടുന്ന മാനേജ്മെന്‍റുകളെ നിയന്ത്രിക്കുന്നതില്‍ ഇടതുപക്ഷ സർക്കാർ പരാജയപ്പെട്ടെന്ന് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത എസ്എഫ്ഐ പ്രതിനിധികള്‍. എല്‍ഡിഎഫ് സർക്കാറിന്‍റെ കാലത്താണ് മെഡിക്കല്‍ കോഴ്സുകള്‍ക്കുള്ള ഫീസ് ഏറ്റവും കൂടുതല്‍ വർദ്ധിപ്പിച്ചത്. ഫീസ് നിയന്ത്രണക്കാര്യത്തില്‍ ആരോഗ്യമന്ത്രിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഫീസ് കുത്തനെ കൂട്ടിയ സർക്കാർ തത്വത്തില്‍ മാനേജ്മെന്‍റുകളെ കൈയയച്ച് സഹായിക്കുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ കാര്യത്തിലും മാനേജ്മെന്‍റിനെ സഹായിക്കുന്ന നിലപാടാണ് സ‍ര്‍ക്കാര്‍ സ്വീകരിച്ചത്. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കോടതി വിധി മറികടക്കാനായി പുതിയ നിയമം കൊണ്ടുവരികയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്നും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളില്‍ നിന്ന് വിമ‍ർശനമുണ്ടായി. സര്‍ക്കാറിന്‍റെ ഈ നീക്കം തത്വത്തില്‍ മാനേജ്മെന്‍റിനെ സഹായിക്കാനായിരുന്നുവെന്നും സമ്മേളനത്തില്‍ നിരീക്ഷിക്കപ്പെട്ടു. 

പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാർ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അതിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ സ്വന്തം മക്കളെ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കുന്ന പ്രവണതയ്ക്ക് കുറവില്ലെന്നും സമ്മേളനത്തില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ ഇത്തരം സമ്മേളനങ്ങള്‍ വെറും മേളകളായി മാറുകയാണെന്നും സാര്‍വ്വദേശീയ തലത്തിലും ദേശീയ തലത്തിലും പുരോഗമന വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍ സംഘടന പരാജയപ്പെട്ടെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.