നാട്ടുകാര്‍ കാഞ്ചിയാര്‍ വനംവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു.

ഇടുക്കി: ഇടുക്കിയില്‍ അഞ്ചുരുളി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ബോട്ടിംഗ് വനംവകുപ്പുദ്യോഗസ്ഥര്‍ തടഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കാഞ്ചിയാര്‍ വനംവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു.

മൂന്നാമത് അഞ്ചുരുളി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് സഞ്ചാരികള്‍ക്കായി ബോട്ടിംഗും ഹെലികോപ്റ്റര്‍ യാത്രയുമടക്കം വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ബോട്ടിംഗ് നടത്താനായുള്ള അനുമതി ഉത്തരവ് പഞ്ചായത്ത് വന്യജീവി വകുപ്പില്‍ ഹാജരാക്കിയിരുന്നില്ല. 

തുടര്‍ന്ന് രാവിലെ ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറി അസിസ്റ്റന്റ് വാര്‍ഡന്‍ ബോട്ടിംഗ് തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതോടെ നിരാശരായ നേതാക്കളും നാട്ടുകാരും തടാകത്തില്‍ ചാടിയും ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തും പ്രതിഷേധിച്ചു. ഗ്രേഡ് ഫോറസ്റ്റ് ഓഫീസറെ മര്‍ദിക്കുകയും ലാപ്‌ടോപ്പടക്കം ഓഫീസുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 

വൈകീട്ടോടെ ഈമാസം 31 വരെ ബോട്ടിംഗ് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കി. ഇതോടെ പ്രതിഷേധമവസാനിപ്പിച്ച് നാട്ടുകാരും മടങ്ങി.