എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചതായി കണ്ടെത്തി. 

വയനാട്: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ അതിലേക്ക് സര്‍ക്കാരിനെ വഴി നടത്തിയത് എസ്റ്റേറ്റ് ഉടമയുടെ തന്നെ പരാതി. പരേതനായ എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ എന്ന ഇ.ജെ. വാന്‍ ഇംഗന്റെ കൈവശമായിരുന്നു അവസാനമായി ആലത്തൂര്‍ എസ്റ്റേറ്റ്. 

ഇ.ജെ. വാന്‍ ഇംഗന്‍ മരിച്ചതായും അദ്ദേഹം സ്വത്തുക്കള്‍ തന്നെ ഏല്‍പ്പിച്ചതായുമാണ് മൈസുരു സ്വദേശിയായ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ അവകാശപ്പെട്ടിരുന്നത്. ഈ അവകാശവാദത്തിന്റെ പൊരുള്‍ തേടി കര്‍ണാടക പോലീസാണ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ മൈസുരുവിലെ നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ ഇ.ജെ. വാന്‍ ഇംഗന്‍ ഒരു പരാതി നല്‍കിയതായി ബോധ്യപ്പെട്ടു. ഈ പരാതിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് എസ്റ്റേറ്റിന്റെ അവകാശിയെ സംബന്ധിച്ച് നടന്ന വിവാദങ്ങളുടെ ചുരുളഴിച്ചത്. 

സ്വത്ത് തട്ടിയെടുക്കുന്നതിന് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ വ്യാജ പ്രമാണങ്ങള്‍ ചമച്ചെന്നും തന്നെ വഞ്ചിച്ചെന്നുമായിരുന്നു 2013 ജനുവരി ഒന്നിന് ഇ.ജെ. വാന്‍ ഇംഗന്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇ.ജെ. വാന്‍ ഇംഗന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചതായി കണ്ടെത്തി. 

വാന്‍ ഇംഗന്റെ സഹോദരനായ ബോണോ വാന്‍ ഇംഗന്റെ മകന്‍ മൈക്കിള്‍ വാന്‍ ഇംഗനും മുമ്പ് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനെതിരെ പരാതിയുമായി എത്തിയിരുന്നു. ഇ.ജെ. വാന്‍ ഇംഗനെ ഭീഷണിപ്പെടുത്തിയാണ് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എസ്റ്റേറ്റ് കൈവശപ്പെടുത്തിയതെന്നും വീട്ടുതടങ്കലിലായിരുന്ന ഇ.ജെ. വാന്‍ ഇംഗനെ തങ്ങള്‍ക്ക് കാണാന്‍ പോലും മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ അനുവാദം നല്‍കിയിരുന്നില്ലെന്നുമായിരുന്നു മൈക്കിള്‍ വാന്‍ ഇംഗന്റെ പരാതി. ഈ പരാതിയും പോലീസ് കാര്യമായെടുത്തു. 

അന്വേഷണത്തിനൊടുവില്‍ ഇ.ജെ. വാന്‍ ഇംഗന്റെ മൈസുരു സിറ്റിക്കടുത്ത എറങ്കാറ വില്ലേജിലെ പുരയിടത്തിന് അവകാശികളില്ലെന്ന് ബോധ്യപ്പെട്ടു. ഈ വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പോലീസ് കര്‍ണാടക സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പിന്നീട് ഇ.ജെ. വാന്‍ ഇംഗന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് കേരള സര്‍ക്കാരും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മൈസുരു പോലീസ് സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്തും നല്‍കി. 

25 കോടിയാണ് കര്‍ണാടക പോലീസ് എസ്റ്റേറ്റിന് വില കണക്കാക്കിയത്. തുടര്‍ന്നുള്ള നാളുകള്‍ ജില്ലാ ഭരണകൂടത്തിന് നിയമ നടപടികളുടെ നാളുകളായിരുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ രേഖകളുടെ പരിശോധന നീണ്ടു. ഇംഗ്ലണ്ടിലെ ദത്തെടുപ്പ് നിയമങ്ങളടക്കം നിരവധി നിയമങ്ങള്‍ ഇതിനായി കലക്ടര്‍ പരിശോധിച്ചു. എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ വില്‍പ്പത്രം എഴുതാതെ മരിച്ചതായും എസ്റ്റേറ്റിന് അനന്തരാവകാശികള്‍ ഇല്ലെന്നും മരണസമയത്ത് ആലത്തൂര്‍ എസ്റ്റേറ്റ് അദ്ദേഹത്തിന്റെ കൈവശമായിരുന്നുവെന്നുമുള്ള കണ്ടെത്തലാണ് സര്‍ക്കാരിന് ഗുണകരമായത്. 

എങ്കിലും നാലുമാസം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ എതിര്‍ കക്ഷികള്‍ അപ്പീല്‍ നല്‍കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. തുടര്‍ അപ്പീലിന് സാധ്യതയുള്ളതിനാല്‍ ഇനിയും ആറുമാസം കാത്തിരിക്കണം ഭൂമി പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവാന്‍.