തെലങ്കാന : 22 വയസുള്ള പട്ടികജാതിയില്‍പ്പെട്ട യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച്ച തെലുങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. 

ഗര്‍ഭിണിയായ ഭാര്യയുടെ മെഡിക്കല്‍ ചെക്കപ്പിന് ശേഷം ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങവേ പെരുമല്ല പ്രണയ് എന്ന യുവാവിനെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊന്നത്. ആറുമാസം മുമ്പായിരുന്നു പ്രണയ്യയുടെയും തിരുനാഗരു അമൃത വര്‍ഷിണിയുടേയും വിവാഹം. ഇരുവരും കുട്ടിക്കാല സുഹൃത്തുക്കളായിരുന്നു. പട്ടികജാതിക്കാരനായിരുന്നു പ്രണയ്. അമൃത ഉയര്‍ന്ന ജാതിക്കാരിയും. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇവരുടെ വിവാഹം.

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങവെ പിന്നില്‍ നിന്നും ഒരാള്‍ ആയുധവുമായി വന്ന് ആക്രമിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അമൃതയുടെ പിതാവ് മാരുതി റാവും അമ്മാവനെയും പോലീസ് അന്വേഷിക്കുകയാണ്. ഇരുവരും ഒളിവിലാണെന്നും നല്‍ഗൊണ്ട പൊലീസ് പറഞ്ഞു. ഇരുവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് നല്‍ഗൊണ്ട പോലീസ്. ഇരുവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയ്യയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പ്രണയും അമ്മയും അമൃതയും  മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പുറകേ വന്ന ഒരാള്‍ പ്രണയ്യുടെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. അക്രമം തടയാനായി അമൃത ഓടിവന്നെങ്കിലും വെട്ടുന്നത് കണ്ടുഭയന്ന് ആശുപത്രിയിലേക്ക് തിരികെ ഓടിക്കയറുന്നതും സിസിടിവിയില്‍ കാണാം.