പന്നായിക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നു.

മാന്നാർ: പന്നായിക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നു. ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് പന്നായി പാലം. പന്നായിപ്പാലത്തിന്‍റെ ഒരു വശം മാന്നാർ ഗ്രാമ പഞ്ചായത്തിലും മറ്റൊരു ഭാഗം കടപ്ര ഗ്രാമപഞ്ചായത്തിലുമാണ്.

തിരുവല്ല ഭാഗത്തു നിന്നും വരുമ്പോൾ പാലത്തിലെ അപ്രോച്ച് റോഡും പാലവും തമ്മിൽ ഏതാണ്ട് ഒരു അടിയോളം വ്യത്യാസത്തിലും ജോയൻറാകുന്ന സ്ഥലത്ത് ഒരു കുഴിയും രൂപപ്പെട്ടിരുന്നു. റോഡിന്‍റെ ഈ ഭാഗം ഇപ്പോള്‍ ഇടിഞ്ഞു താഴുന്നു തുടങ്ങി. റോഡിൽ വൻ കുഴി രൂപപ്പെടുമ്പോൾ ടാർ കൊണ്ട് മെറ്റലിട്ട് ശരിയാക്കും, മാസങ്ങൾ കഴിയുമ്പോൾ റോഡ് വീണ്ടും പഴയ പടി ഇടിഞ്ഞു താഴുന്നു. നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രാധാന്യം ഉള്ള ഈ റോഡിൽ അപകടം നിത്യസംഭവമാണ്.

ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിയിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാലവർഷം ശക്തമായതോടെ റോഡിലെ കുഴിയുടെ ആഴം കുടി വരുകയാണ്. ഇനിയും ഇതിന്‍റെ വ്യാപ്തി കൂടാൻ സാധ്യതയുണ്ട്. റോഡിന്‍റെ ഇരുവശവും കാടുകൾ വളർന്ന് കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യവും വർദ്ധിക്കുന്നു.