റാഞ്ചി: ഗ്രാമത്തില്‍ കൂടി റോഡ് വരികയെന്നത് ഛത്തീസ്ഗഢിലെ കൊണ്ടഗാവിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. വർഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കെടുവില്‍ റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി തൊഴിലാളികളെത്തി റോഡ് പണിതുടങ്ങി.

റോഡ് പണി തുടങ്ങിയപ്പോഴാണ് നാട്ടുകാരടക്കം എല്ലാവരും അത്ഭുതപ്പെട്ടത്. 12 -ാം നൂറ്റാണ്ടിലെ സ്വർണ്ണ നാണയങ്ങള്‍.  ജൂലായ് പത്തിനാണ് കോര്‍കോടി- ബേദ്മ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ നിര്‍മാണത്തിനിടെ സ്വര്‍ണം, വെള്ളിനാണയങ്ങള്‍ എന്നിവ സൂക്ഷിച്ച കുടം മണ്ണില്‍നിന്ന് കിട്ടിയതെന്ന് ജില്ലാ കളക്ടര്‍ നീല്‍കാന്ത് ടെകാം പറഞ്ഞു. കര്‍കോടി സര്‍പഞ്ച് നെഹ്‌റുലാല്‍ ബാഘേല്‍ കുടം കളക്ടര്‍ക്ക് കൈമാറി.

57 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും ഒരു സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. വനിതാത്തൊഴിലാളിക്കാണ് റോഡിനായി മണ്ണ് നീക്കുന്നതിനിടെ ഏതാനും അടി താഴ്ചയില്‍നിന്ന് കുടം കിട്ടിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു.

നാണയങ്ങളിലുള്ള ലിപി യാദവ രാജവംശത്തിന്‍റെ കാലത്തേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ആര്‍ക്കയോളജിക്കല്‍ വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 12,13 നൂറ്റാണ്ടുകളിലേതാണ് സ്വര്‍ണം, വെള്ളി നാണയങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.