മാല മോഷണ കേസില്‍ മുമ്പ് വിഴിഞ്ഞം പോലീസ് പിടികൂടിയ അല്‍ അമീന്‍ എന്ന ആളാണ് ബൈക്കിന് തീവെച്ചത് എന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്ക് മറ്റൊരു കേസിലെ പ്രതി പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പോലീസ് സ്റ്റേഷന് വശത്തെ മതില്‍ ചാടികടന്നെത്തിയ ശേഷം മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ആക്റ്റീവ സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടയുടനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെത്തി തീകെടുത്തിയതിനാല്‍ സമീപത്തുണ്ടായിരുന്ന മറ്റു നിരവധി വാഹനങ്ങളിലേക്ക് തീപടര്‍ന്നില്ല. 

എന്നാല്‍ പോലീസുകാര്‍ എത്തുമ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. മാല മോഷണ കേസില്‍ മുമ്പ് വിഴിഞ്ഞം പോലീസ് പിടികൂടിയ അല്‍ അമീന്‍ എന്ന ആളാണ് ബൈക്കിന് തീവെച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതി പെട്രോള്‍ കൊണ്ടു വന്ന കുപ്പിയും സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി. ഫോറന്‍സിക്ക് സംഘമെത്തി തെളിവെടുപ്പ് നടത്തി. വിരളടയാളങ്ങളും ശേഖരിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.