2006 ല്‍ ആണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്.
ഇടുക്കി: നീലക്കുറിഞ്ഞിയുടെ വരവറിയിച്ച് രാജമലയുടെയും മൂന്നാറിന്റെയും വിവിധ ഭാഗങ്ങളില് കുറിഞ്ഞി ചെടികള് പൂത്തുതുടങ്ങി. ജൂലൈ മാസത്തിലാണ് ഏറ്റവും അധികം പൂക്കള് ഉണ്ടാകുക. ജൂലൈ മുതല് ഒക്ടോബര് വരെ തെക്കിന്റെ കാശ്മീരില് കുറിഞ്ഞി പൂക്കള് വയലറ്റ് വസന്തം തീര്ക്കും.
2006 ല് ആണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. ദേവികുളം ഗ്യാപ്പ്, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും. സ്ട്രൊബിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞിയാണ് കുറിഞ്ഞിപ്പൂക്കളിൽ പ്രധാനി. 12 വര്ഷത്തില് ഒരിക്കല് മാത്രം പൂക്കുന്ന ഈ കുറിഞ്ഞിയെ കാണാന് ഏറെ സഞ്ചാരികള് എത്തുമെന്നതിനാല് ജില്ലാ ഭരണകൂടം ഇതിനായി വിപുലമായ ഒരുക്കങ്ങള് നടത്തും.
കഴിഞ്ഞ തവണ നീലക്കുറിഞ്ഞി പൂത്തപ്പോള് അഞ്ചു ലക്ഷം പേരാണ് മൂന്നാര് സന്ദര്ശിച്ചത്. ഇത്തവണ ഏകദേശം 10 ലക്ഷം സഞ്ചാരികള് എത്തുമെന്നാണ് ജില്ലാ ഭരണകൂടവും പോലീസും കണക്കുകൂട്ടുന്നത്.
രാജമലയിൽ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ എത്തുന്നവർക്ക് വനംവകുപ്പ് ഓണ്ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. നേരിട്ടെത്തിയാലും പ്രവേശനപാസ്സ് ലഭിക്കുമെങ്കിലും തിരക്ക് ഒഴിവാക്കാന് ഓൺലൈനായി ബുക്ക് ചെയ്യുന്നതായിരിക്കും സൗകര്യം. ജൂലൈ മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും. ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാൻ 110 രൂപയുമാണ് ചാർജ്. വീഡിയോ ക്യാമറക്ക് 300 രൂപയും സ്റ്റില് ക്യാമറക്ക് 35 രൂപയുമാണ് ടിക്കറ്റ് ചാര്ജ്.
സൗകര്യങ്ങള് നോക്കിയാല് രാജമലയില് ഒരു ദിവസം ഏകദേശം നാലായിരത്തോളം പേർക്ക് മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അഞ്ചാം മൈൽ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകൾ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദർശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളിൽ രാജമലയിൽ എത്തിക്കും. രാവിലെ ഏഴര മുതല് വൈകീട്ട് നാലര വരെയാണ് പ്രവേശനം.
മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് രാജമല സ്ഥിതി ചെയ്യുന്നത്. ലോകത്താകെയുള്ള നീലഗിരി വരയാടുകളുടെ പകുതിയും വസിക്കുന്നത് ഇവിടെയാണ്. ഈ വരയാടുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് രാജമല.
