കല്ലാര്‍ ആറാം മൈലില്‍ നടക്കുന്ന  റിസോര്‍ട്ട് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു സംഘം എത്തിയത്.

ഇടുക്കി: വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെയും സംഘത്തെയും റിസോര്‍ട്ട് ഉടമയുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു. ഒഴിപ്പിക്കല്‍ സംഘത്തെ തടഞ്ഞത് ഭൂമി സംരക്ഷകരെന്ന വ്യാജേന രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍. കല്ലാര്‍ ആറാം മൈലില്‍ നടക്കുന്ന റിസോര്‍ട്ട് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു സംഘം എത്തിയത്. 

ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചതോടെ കൈയ്യേറ്റക്കാര്‍ സംഘത്തെ ആക്രമിക്കാനും തടയുന്നതിനും വാട്‌സപ്പ് ഗ്രൂപ്പിലൂടെ സന്ദേശം നല്‍കുകയായിരുന്നു. കല്ലാറില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഉമ്മറിന്റെ റിസോര്‍ട്ടില്‍ നിന്നും ടൈല്‍ അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകുവാന്‍ നീക്കം നടത്തുന്നു, അടിയന്തരമായി സ്‌പോട്ടില്‍ എത്തിചേരുക. എന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. 

സംഘര്‍ഷത്തെ തുടര്‍ന്ന് സബ് കളക്ടറെയും സംഘവും പോലീസിന്റെ സഹായം ആവശ്യപ്പെടുകയും ഒരു മണിക്കൂറിനു ശേഷം പോലീസ് സംഭവസ്ഥലത്തെത്തി സംഘത്തെ മോചിപ്പിക്കുകയുമായിരുന്നു.