ചിയാങ് റായിൽ ഗുഹ കാണാനായി കയറിയ 13 പേരടങ്ങുന്ന ഫുട്ബോ‌ൾ ടീമാണ് ഇപ്പോഴും രക്ഷാപ്രവർത്തകരെത്തുന്നതും കാത്ത് കഴിയുന്നത്.
തായ്ലന്റ്: വടക്കൻ തായ്ലൻഡിലെ വെള്ളം കയറിയ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഗുഹയിൽ വെള്ളം കുറഞ്ഞത് പ്രതീക്ഷയ്ക്ക് വക നൽകുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. തായ്ലാൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ചു. ചിയാങ് റായിൽ ഗുഹ കാണാനായി കയറിയ 13 പേരടങ്ങുന്ന ഫുട്ബോൾ ടീമാണ് ഇപ്പോഴും രക്ഷാപ്രവർത്തകരെത്തുന്നതും കാത്ത് കഴിയുന്നത്. കനത്ത മഴയിൽ വെള്ളം നിറഞ്ഞത് മൂലം രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഗുഹയിൽ വെള്ളം കുറയുന്നതായാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് രക്ഷാപ്രവർത്തനം വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്.
സംഘത്തെ കാണാതായിട്ട് ഏഴ് ദിവസമായെങ്കിലും വെള്ളം കുറയുന്നത് 13 പേരെയും ജീവനോടെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം ഗുഹയിൽ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനുമാണ് ഗുഹയ്ക്കുള്ളിലുള്ളത്.
ഗുഹ കാണാൻ ഇവർ അകത്തുകയറിയതിന് പിന്നാലെ കനത്ത മഴ പെയ്തതോടെ ഇവർ അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന തായ് സൈനികരെ സഹായിക്കാൻ അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഇതിനിടെ സംഭവസ്ഥലം സന്ദർശിച്ച തായ്ലാൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ചാ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കാണാതായവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.
8 കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള സാഹസികത നിറഞ്ഞ താം ലുവാഹ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഇതേതുടർന്ന് അകത്തേക്ക് പ്രവേശിക്കുന്നതിന് അധികൃതർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് കുട്ടികളും പരിശീലകനും ഗുഹയ്ക്കകത്ത് കയറിയത്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയതിന് പിന്നാലെ കനത്ത മഴയിൽ ഗുഹയിൽ വെള്ളം നിറയുകയായിരുന്നു.
