സണ്ണി ലിയോണിനെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്‍റെ ശബ്ദത്തോടൊപ്പം സണ്ണി ലിയോണ്‍ കടന്നു വന്ന സാഹചര്യങ്ങള്‍ മിന്നിമായുന്നതാണ് ട്രെയിലർ.
മുംബൈ: പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ഗ്രീൻ റൂമിൽ ഒരുങ്ങുന്ന സണ്ണി ലിയോണിനെ കാണിച്ച് കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. സണ്ണി ലിയോണിനെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്റെ ശബ്ദത്തോടൊപ്പം സണ്ണി ലിയോണ് കടന്നു വന്ന സാഹചര്യങ്ങള് മിന്നിമായുന്നതാണ് ട്രെയിലർ.
കാനഡയിൽ സ്ഥിരതാമസമാക്കിയ സിഖ് കുടുംബത്തിലെ കരൺജീത് കൗർ വോറ എന്ന പെൺകുട്ടിയാണ് പിന്നീട് സണ്ണി ലിയോണായത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അശ്ലീലചിത്ര നായികയായി മാറുകയായിരുന്നു. പിന്നീട് ബോളിവുഡ് കീഴടക്കിയ നടിയായി മാറുന്നതാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. കുട്ടികാലം മുതൽ ഇന്ന് കാണുന്ന സിനിമാതാരം വരെയുള്ള സണ്ണി ലിയോണിന്റെ ജീവിതമാണ് ട്രെയിലറിലുട നീളം കാണിക്കുന്നത്.
തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോണ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. റൈസ് സുജാനിയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 ന് സീ 5 വെബ് സൈറ്റിൽ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിനെത്തും. രാജ് അർജുന്, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവമാണ് പരമ്പരയിലെ മറ്റ് താരങ്ങൾ.
